Friday, March 29, 2024

HomeMain Storyകേരളത്തില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു

കേരളത്തില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സ്ഥിതി രൂക്ഷമാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മിനോഷ് വ്യക്തമാക്കി.

കേരളത്തില്‍ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകര്‍ത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവില്‍ മണിമല, അച്ചന്‍കോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

അടുത്ത രണ്ട് ദിവസം നിര്‍ണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഐ.എം.ഡി (ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ടമെന്റ്) നല്‍കുന്ന വിവരം പ്രകാരം അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി കനത്ത മഴ തുടരുമെന്നും അതുകൊണ്ട് തന്നെ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് സിനി മിനോഷ് പറഞ്ഞത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്.

രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments