കോട്ടയം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എല്‍ എയുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍. എം എല്‍ എ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസം അതായത് 51 വര്‍ഷവും മൂന്നേകാല്‍ മാസവും പിന്നിടുകയാണ്.
മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. അതേസമയം ഓരോ നിയമസഭയുടെയും ആദ്യ സമ്മേളനമോ സത്യപ്രതിജ്ഞയോ നടന്ന തീയതിയെ അടിസ്ഥാനമാക്കിയാല്‍ റെക്കോര്‍ഡ് ഭേദിക്കുന്നതിന് ഓഗസ്റ്റ് 11 വരെ കാത്തിരിക്കേണ്ടി വരും.
പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണയാണ് കെ എം മാണി മത്സരിച്ച് വിജയിച്ചത്. 12 നിയമസഭകളില്‍ കെ എം മാണി അംഗമാകുകയും ചെയ്തു. ആദ്യമായി വിജയിച്ചത് 1965-ലാണെങ്കിലും ആദ്യമായി നിയമസഭാംഗമാകുന്നത് 1967ലായിരുന്നു. 1965 മാര്‍ച്ച് 17 ന് രൂപീകരിച്ച നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24 ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതെ വന്നതാണ് നിയമസഭ പിരിച്ചുവിടാന്‍ കാരണം.
സത്യപ്രതിജ്ഞ നടക്കാത്തതിനാല്‍ 1965 ലെ 7 ദിവസം നിയമസഭാംഗത്വത്തിന് സാധുതയില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്റ റെക്കോര്‍ഡ് കെ എം മാണിയുടെ പേരില്‍ തന്നെയാണ്. 2019 ഏപ്രില്‍ 9 നാണ് കെ എം മാണി അന്തരിക്കുന്നത്. കോട്ടയം ജില്ലയിലെ തന്നെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണയാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്.
2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരേയും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 2006-2011 കാലത്ത് വി എസ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ പ്രതിപക്ഷ നേതാവുമായി. ഇതുവരെയുള്ള 970 എം എല്‍ എമാരില്‍ ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും മാത്രമാണ് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കെ ആര്‍ ഗൗരിയമ്മ (15544 ദിവസം), ബേബി ജോണ്‍ (15184), പി ജെ ജോസഫ് (15072), സി എഫ് തോമസ് (14710) എന്നിവര്‍ 40 വര്‍ഷത്തിലധികം വര്‍ഷം എം എല്‍ എ സ്ഥാനത്തിരുന്നവരാണ്.
ഇവരില്‍ ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരുകൊച്ചി നിയമസഭയിലും ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിമാരായവരില്‍ നാലാം സ്ഥാനമാണ് ഉമ്മന്‍ചാണ്ടിക്ക്. ഇ.കെ. നായനാര്‍ (4009), കെ. കരുണാകരന്‍ (3246), സി. അച്യുതമേനോന്‍ (2640) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഉമ്മന്‍ ചാണ്ടിക്ക് 2459 ദിവസമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. ഉമ്മന്‍ചാണ്ടി നാല് തവണ മന്ത്രിസ്ഥാനത്തും എത്തിയിട്ടുണ്ട്.
ഒന്നാം കരുണാകരന്‍ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (19771978) ഉമ്മന്‍ചാണ്ടി തൊഴില്‍ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരന്‍ മന്ത്രിസഭയില്‍ (19811982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും (19911994) ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനത്തെ ദിവസ കണക്കില്‍ 10-ാം സ്ഥാനമാണ് ഉമ്മന്‍ചാണ്ടിക്ക്, 4190 ദിവസം. കെ.എം. മാണി (8759), പി.ജെ. ജോസഫ് (6105), ബേബി ജോണ്‍ (6061), കെ.ആര്‍. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദര്‍കുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആര്‍. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ളവര്‍.