ബര്‍മിങ്ഹാം: കോമന്‍വെല്‍ത് ഗെയിംസ് ഇന്‍ഡ്യന്‍ കായിക പ്രേമികളുടെ പ്രതീക്ഷ കാത്ത് മലയാളി താരം എം ശ്രീശങ്കര്‍. ആദ്യ നാല് അവസരങ്ങള്‍ക്കുശേഷം അഞ്ചാമത്തെ ചാട്ടത്തിലൂടെ വെള്ളിമെഡല്‍ കരവലയത്തിലൊതുക്കി എം ശ്രീശങ്കര്‍ അഭിമാന നേട്ടം സ്വന്തമാക്കി.
പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിലാണ് 8.08 മീറ്റര്‍ ചാടി ശ്രീശങ്കര്‍ മെഡല്‍ കരസ്ഥമാക്കിയത്. ഒപ്പം കോമന്‍വെല്‍ത് ഗെയിംസിന്റെ ചരിത്രത്തില്‍ പുരുഷ ലോങ്ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യക്കാരനെന്ന നേട്ടവും.
സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം താണ്ടാനായതാണ് അദ്ദേഹത്തെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്. ആദ്യ മൂന്ന് ജംപുകളില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തില്‍ എട്ടുമീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി.
പുലര്‍ചെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്‍ഡ്യന്‍ ആരാധകരുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗന്‍ഡിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കര്‍ അനായാസം മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു.
സ്വര്‍ണം നേടാന്‍ അവസാന ഊഴത്തില്‍ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറില്‍ 8.36 മീറ്റര്‍ പിന്നിട്ടുള്ള ശ്രീശങ്കര്‍ അവസാന ഊഴത്തില്‍ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വര്‍ണ പ്രതീക്ഷകള്‍ അസ്തമിച്ചു.
മുന്‍ ഇന്‍ഡ്യന്‍ അത്ലറ്റുകളായ എസ് മുരളിയുടെയും കെ എസ് ബിജിമോളുടെയും മകനാണ് പാലക്കാട് യാക്കര സ്വദേശിയായ എം ശ്രീശങ്കര്‍.