ബീജീംഗ്: തായ്വാന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ യു.എസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ഉപരോധം ഏര്‍പ്പെടുത്തിയ ചൈനീസ് നടപടിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് തായ്വാന്‍ സന്ദര്‍ശനത്തിന് യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ കൂടിയായ നാന്‍സി പെലോസി എത്തിയത്. ഇതിന്റെ പേരില്‍ ചൈന വലിയ മുന്നറിയിപ്പുകളൊക്കെ യുഎസ്സിന് നല്‍കിയിരുന്നു. തായ്വാനെ ഒറ്റപ്പെടുത്താന്‍ യു.എസ് ഒരിക്കലും ചൈനയെ അനുവദിക്കില്ലെന്ന് ഇന്ന് പെലോസി പറഞ്ഞിരുന്നു.
25 വര്‍ഷത്തിനിടെ ആദ്യമായി ഒരു അമേരിക്കന്‍ സ്പീക്കര്‍ തായ് വാന്‍ സന്ദര്‍ശിച്ചത് ചൈനയും യു.എസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ഭാഗമാണ് തായ് വാന്‍ എന്നാണ് ചൈനയുടെ അവകാശവാദം. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ ചൈന വിലയിരുത്തുന്നത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസഡര്‍ ക്രിസ് ബേണ്‍സിനെ വിളിച്ചുവരുത്തി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ചൈനയുടെ പരമാധികാരത്തിലേക്കും അഖണ്ഡതയിലേക്കുമുള്ള കടന്നുകയറ്റമായി കണ്ടാണ് നാന്‍സി പെലോസിക്കും കുടുംബാംഗങ്ങള്‍ക്കും ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.നേരത്തെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കേ, 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ചൈന സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ നാന്‍സി പെലോസി ഗുരുതരമായ തരത്തില്‍ ഇടപെടല്‍ നടത്തുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയുടെ പരമാധികാരത്തെയും മേഖലയിലെ സമഗ്രതയെയും ഇല്ലാതാക്കാനാണ് അവരുടെ വരവിന്റെ ഉദ്ദേശം. അതുകൊണ്ട് നാന്‍സി പെലോസിക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതായി ചൈന പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളായി ചൈന യു.എസ്സില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ താല്‍പര്യങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് കൊണ്ടാണിത്. ഹോങ്കോങ്, ഷിന്‍ജിയാങ് പ്രവിശ്യ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചതാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായത്.