ന്യൂയോര്‍ക്ക്: പൊതു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കഴുത്തില്‍ കുത്തേറ്റ്, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി ഗുരുതര നിലയില്‍ തുടരുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്, 33 വര്‍ഷം മുമ്പ് അദ്ദേഹത്തിനെതിരെ ഇറാന്‍ നേതാവായ ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ച മതശാസന. റുഷ്ദിയുടെ നോവല്‍ സാത്താന്റെ വചനങ്ങളിലുള്ളത് പ്രവാചക നിന്ദയാണെന്നും അത് എഴുതിയവരെയും പ്രസിദ്ധീകരിച്ചവരെയും വധശിക്ഷയ്ക്കു വിധേയമാക്കണം എന്നുമായിരുന്നു ഫത്വ.
റുഷ്ദിയുടെ നാലാമത്തെ പുസ്തകമായി, 1988ലാണ് ‘സാത്താനിക് വേഴ്സസ്’ പ്രസിദ്ധീകരിച്ചത്. വിവാദമായ പുസ്തകം ഇന്ത്യയും ഇറാനും ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 1989 ഫെബ്രുവരി 14നാണ് റുഷ്ദിയെ വധിക്കാന്‍ ഖുമൈനി ഫത്വ പുറപ്പെടുവിച്ചത്.
വധഭീഷണി ഉയര്‍ന്നതോടെ റുഷ്ദി 9 വര്‍ഷമാണു ബ്രിട്ടനില്‍ ഒളിവില്‍ കഴിഞ്ഞത്. ജോസഫ് ആന്റണ്‍ എന്ന പേരില്‍ പല സ്ഥലങ്ങളില്‍ മാറിമാറിയായിരുന്നു താമസം. കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോര്‍ക്കിലാണു താമസം. 2016ല്‍ യുഎസ് പൗരത്വവും സ്വീകരിച്ചു.
1991ല്‍ ഒളിവു ജീവിതം വിട്ട് റുഷ്ദി സാവധാനം പുറത്തുവന്നു. തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ റുഷ്ദിയുടെ ജാപ്പനീസ് വിവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റാലിയന്‍ വിവര്‍ത്തനു കുത്തേറ്റു. രണ്ടു വര്‍ഷത്തിനു ശേഷം നോര്‍വീജിയന്‍ പ്രസാധകന് വെടിയേറ്റു. പുസ്തകം തുര്‍ക്കി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങിയ അസീസ് നെസിന്‍ എത്തിയ ഹോട്ടലിന് 1993ല്‍ പ്രതിഷേധക്കാര്‍ തീവച്ചു. എങ്കിലും കുറെക്കാലമായി വലിയ പ്രശ്നങ്ങളില്ലാതെ ന്യൂയോര്‍ക്കില്‍ സമാധാന ജീവിതം നയിച്ചുവരികയായിരുന്നു, റുഷ്ദി.
ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 8.30ന് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ന്യൂജഴ്സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടിയിട്ടുണ്ട്. ഈ ഇരുപത്തിനാലുകാരന്റെ ആക്രമണത്തിന് ഖുമൈനിയുടെ ഫത്വയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.