തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖലയിലേക്ക് മത്സ്യതൊഴിലാളികള്‍ പ്രവേശിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ നിര്‍മ്മാണ സ്ഥലത്തേക്ക് ഇരച്ചുകയറുകയും തുറമുഖ കവാടത്തിന് മുകളില്‍ പ്രതിഷേധക്കാര്‍ കൊടിനാട്ടുകയും ചെയ്തു.
ഇതോടെ പോലീസ് ഇടപെട്ടു തൊഴിലാളികളെ അനുനയിപ്പിച്ചു. സമരത്തില്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് തൊഴിലാളികള്‍ വീണ്ടും സമരം ശക്തമാക്കിയിരിക്കുന്നത്.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.
പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടന്ന മത്സ്യതൊഴിലാളികള്‍ അതീവ സുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടി നാട്ടുകയായിരുന്നു. വലിയ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും. മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച.ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര അറിയിച്ചിരുന്നു.. തുറമുഖം നിര്‍ത്തി വെച്ച് ആഘാത പഠനം നടത്തുന്നത് ഉള്‍പ്പെടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യതൊഴിലാളികള്‍.
തുറമുഖ പദ്ധതിയുടെ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ 22-ന് മന്ത്രിതല ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരെ കണ്ടേക്കുമെന്നാണ് സൂചന.