ഹരിദ്വാര്‍: യോഗാ ഗുരു രാംദേവിന്റെ കീഴില്‍ ഹരിദ്വാര്‍ ആസ്ഥാനമായുള്ള പതഞ്ജലി കമ്പനിയുടെ നെയ്യ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ടു. പതഞ്ജലി വിപണനം ചെയ്ത നെയ്യിന്റെ സാമ്പിളില്‍ മായം കലര്‍ന്നതായി കേന്ദ്ര-സംസ്ഥാന ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.
കമ്പനിയുടെ ‘പശുവിന് നെയ്യ്’ എന്ന സാമ്പിള്‍ ഉത്തരാഖണ്ഡിലെ തെഹ്രിയിലെ ഒരു കടയില്‍ നിന്ന് എടുത്ത് സംസ്ഥാന ലബോറട്ടറിയിലേക്ക് ആദ്യം അയച്ചു. ഈ സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം പതഞ്ജലി നെയ്യില്‍ മായം കലര്‍ന്നതായും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും കണ്ടെത്തി.
പതഞ്ജലിയുടെ നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് 2021ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്സ് വകുപ്പ് കണ്ടെത്തിയിരുന്നുവെങ്കിലും സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ രാംദേവിന്റെ കമ്പനി വിസമ്മതിക്കുകയും അത് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ നെയ്യുടെ സാമ്പിള്‍ സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു, ഫലം സമാനമാണ്.
ഇപ്പോള്‍ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പതഞ്ജലി ബ്രാന്‍ഡിന്റെ നെയ്യ് പരാജയപ്പെട്ടതിനാല്‍ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ തെഹ്രി ജില്ലയിലെ എസ്ഡിഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
ലബോറട്ടറി റിപ്പോര്‍ട്ട് പ്രകാരം പതഞ്ജലി നെയ്യില്‍ മായം ചേര്‍ക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയുക്ത ഓഫീസര്‍ എംഎന്‍ ജോഷി പറഞ്ഞു.ഇതോടൊപ്പം, അരിയില്‍ വന്‍തോതില്‍ കീടനാശിനി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.