ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ. സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.
ജാമ്യം നല്‍കിയ കീഴ്ക്കോടതി ഉത്തരവിനാണ് സ്റ്റേ. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ച ഒന്നാമത്തെ പീഡന കേസിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് ജാമ്യം ഇടക്കാല സ്റ്റേ ചെയ്തത്.
അതേസമയം സിവിക്കിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹരജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞദിവസം പരാതിക്കാരിയുടെ ഹരജിയില്‍ കോടതി സിവിക്കിന് കോടതി നോട്ടീസ് അയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനെതിരെ മൂന്ന് ഹരജികളാണ് കോടതിയിലുള്ളത്.
രണ്ടാമത്തെ കേസിലുള്ള മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹരജി ഇതുവരെ പരിഗണിച്ചിട്ടില്ല. പീഡന പരാതിയില്‍ കോഴിക്കോട് സെഷന്‍സ് കോടതിയാണ് സിവിക്കിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയിരുന്നു.
കൊല്ലം ലേബര്‍ കോടതിയിലേക്കാണ് പുതിയ നിയമനം. മഞ്ചേരി സെഷന്‍സ് ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. മുരളീകൃഷ്ണന്‍ എസ് ആണ് പുതിയ കോഴിക്കോട് സെഷന്‍സ് ജഡ്ജി.
മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നത്.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹരജിയിലാണ് കോടതി കഴിഞ്ഞദിവസം സിവിക്കിന് നോട്ടീസ് അയച്ചത്.