Thursday, March 28, 2024

HomeMain Storyപടത്തിനൊപ്പം ബൈബിളും കുരിശും: വീണ ജോര്‍ജിനെതിരായ ഹര്‍ജി സുപ്രിം കോടതി തള്ളി

പടത്തിനൊപ്പം ബൈബിളും കുരിശും: വീണ ജോര്‍ജിനെതിരായ ഹര്‍ജി സുപ്രിം കോടതി തള്ളി

spot_img
spot_img

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ 2016ലെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചു, തിരഞ്ഞെടുപ്പ് ജയിക്കാന്‍ മത പ്രചാരണം നടത്തിയെന്ന ഹര്‍ജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്. വീണ മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം കോടതി ശരിവെച്ചു.

ആറന്മുളയിലെ വീണയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യു.ഡി.എഫിന്റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് വി.ആര്‍ സോജിയാണ് സുപ്രീം കോടിയെ സമീപിച്ചത്. പത്രികാ സമര്‍പ്പണത്തിലെ അപാകതയാണ് വീണക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് പിടിക്കാന്‍ മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ വീണ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വീണ ജോര്‍ജ് എം.എല്‍.എ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജി 2017 ഏപ്രില്‍ 12ന് ഹൈക്കോടതി തള്ളിക്കളഞ്ഞു. മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നത് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എന്നാല്‍ വീണ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കാന്‍ പോന്ന തരത്തിലുളള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും അവയൊന്നും പരിഗണിക്കപ്പെട്ടില്ലെന്നാണ് വിആര്‍ സോജി ആരോപിച്ചത്.ഹൈക്കോടതി ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സോജി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ഇപ്പോള്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നത് തെളിയിക്കാന്‍ സാധിച്ചില്ലെന്ന ഹൈക്കോടതിയുടെ നീരീക്ഷണം ശരിവെച്ച സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. വീണ ജോര്‍ജിനായി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ വാദിച്ചു. ഹര്‍ജിക്കാരനായി മുതിര്‍ന്ന അഭിഭാഷകന്‍ കൈലാസനാഥ പിള്ള ഹാജരായി.

മാധ്യമപ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജിനെ സിപിഎം ആറന്മുളയില്‍ മത്സരിപ്പിച്ചത് നിരവധി പ്രമുഖരെ ഒഴിവാക്കിക്കൊണ്ടായിരുന്നു. യു.ഡി.എഫിന്റെ കെ ശിവദാസന്‍ നായരും ബി.ജെ.പിയുടെ എം.ടി രമേശും ആയിരുന്നു വീണ ജോര്‍ജിന്റെ എതിരാളികള്‍. വാശിയേറിയ പോരാട്ടത്തില്‍ 7646 വോട്ട് ഭൂരിപക്ഷത്തിനാണ് മണ്ഡലം വീണ ജോര്‍ജ് പിടിച്ചെടുത്തുത്. വീണയ്ക്ക് 64523 വോട്ടുകളും ശിവദാസന്‍ നായര്‍ക്ക് 56877 വോട്ടുകളും ലഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments