ന്യൂയോര്‍ക്ക്: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ യുഎന്നില്‍ ഓണ്‍ലൈനായി പ്രസംഗിപ്പിക്കുന്ന കാര്യത്തില്‍ റഷ്യയെ എതിര്‍ത്ത് രക്ഷാസമിതിയില്‍ ഇന്ത്യ വോട്ട് ചെയ്തു.
യുക്രെയ്ന്‍ വിഷയത്തില്‍ ഇതാദ്യമായാണ് ഇന്ത്യ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യുന്നത്. സെലെന്‍സ്‌കിയെ വിഡിയോ പ്രസംഗത്തിന് ക്ഷണിക്കുന്നതു സംബന്ധിച്ച് റഷ്യന്‍ അംബാസഡറാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. അദ്ദേഹം നേരിട്ടുവന്ന് പ്രസംഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്.
15 അംഗ സമിതിയില്‍ റഷ്യ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ ചൈന വിട്ടുനിന്നു. രണ്ടിനെതിരെ 13 വോട്ടിന് പ്രമേയം പാസായി. തുടര്‍ന്ന് യോഗത്തെ അഭിസംബോധന ചെയ്യാന്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചു.
യുക്രെയ്‌നെതിരായ അതിക്രമത്തിന് റഷ്യയെ ഉത്തരവാദിയായി പ്രഖ്യാപിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. സാപോറീഷ്യയിലെ ആണവനിലയത്തെ യുദ്ധമേഖലയാക്കി മാറ്റിയതിലൂടെ റഷ്യ ലോകത്തെ ദുരന്തത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണെന്നും ആരോപിച്ചു.