ഡാലസ് : യുഎസിലെ ടെക്‌സസില്‍ ഇന്ത്യക്കാരായ നാലു വനിതകളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. ആക്രമണ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി ഡാലസിലെ ഒരു പാര്‍ക്കിങ്ങ് ഏരിയയിലാണ് സംഭവം നടന്നത്. അമേരിക്കയില്‍ ജനിച്ച മെക്‌സിക്കന്‍ അമേരിക്കന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ എസ്‌മെറാള്‍ഡ എന്ന സ്ത്രീയാണ് ഇന്ത്യക്കാരെ ആക്രമിച്ചത്.
‘ഞാന്‍ നിങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും നല്ല ജീവിതം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. നിങ്ങളെല്ലാം മടങ്ങിപോകണം. ഞാന്‍ എവിടെ പോയാലും അവിടെയെല്ലാം ഇന്ത്യക്കാരാണ്. ഇവിടെ എല്ലായിടത്തും ഇന്ത്യക്കാരാണ്. ഇന്ത്യയിലെ ജീവിതം നല്ലതാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്’ സ്ത്രീകളോട് കയര്‍ത്തു സംസാരിച്ച് എസ്‌മെറാള്‍ഡ ചോദിച്ചു.
ഇന്ത്യക്കാരായ സ്ത്രീകള്‍ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമം വഴി പുറത്തു വിടുകയും ചെയ്തു. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് മര്‍ദനമേറ്റ സ്ത്രീകളില്‍ ഒരാളുടെ മകന്‍ പറഞ്ഞു.
അറസ്റ്റിലായ എസ്‌മെറാള്‍ഡയ്‌ക്കെതിരെ ശരീരത്തിനു നേരെയുള്ള ആക്രമണം, തീവ്രവാദ ഭീഷണി എന്നീ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10,000 ഡോളര്‍ കെട്ടിവച്ചാല്‍ ജാമ്യം ലഭിക്കും.