തൃശൂര്‍: ഇന്ത്യ കൂടുതല്‍ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രമായി പരിണമിക്കുകയാണെന്ന് പ്രമുഖ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ രേവതി ലോള്‍.
ബഹുസ്വര സമൂഹത്തിന്റെ പുനഃസൃഷ്ടിയിലൂടെ മാത്രമേ ഇതിനെ ഇല്ലാതാക്കാന്‍ കഴിയൂ. ”അയല്‍വാസിയെ വീട്ടിലേക്ക് ക്ഷണിച്ച് ഒരുമിച്ച് ഓണം ആഘോഷിക്കൂ. ഈദിന്റെ സന്തോഷം ഒരുമിച്ചിരുന്ന് നുകരാനും ശ്രമിക്കൂ. അതിന് കഴിഞ്ഞാല്‍ വൈവിധ്യങ്ങള്‍ പൂത്തുലയുന്ന ഇന്ത്യയെ വീണ്ടെടുക്കാം” -രേവതി ലോള്‍ പറഞ്ഞു.
തികച്ചും രാഷ്ട്രീയപ്രേരിതമാണ് ബില്‍ക്കീസ് ബാനു കേസ്. നിര്‍ഭയ കേസില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് നീതിക്കായി മുറവിളികൂട്ടി. എന്നാല്‍, സമാനരീതിയില്‍ ബില്‍ക്കീസ് ബാനുവിനായി ആരും ശബ്ദമുയര്‍ത്തിയില്ല. ഇത്തരമൊരു കേസിലെ പ്രതികളെ രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ഒരു ഉപാധിയുമില്ലാതെ വിട്ടയച്ചത് രാജ്യവിരുദ്ധമാണ്. അതുകൊണ്ടുതന്നെയാണ് താന്‍ കേസില്‍ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്നത്-അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.