ന്യൂഡല്‍ഹി: ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ വര്‍ധന. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 13. 5 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം റിസര്‍വ്വ് ബാങ്ക് പ്രവചനത്തേക്കള്‍ അല്‍പം താഴെയാണിത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഏകദേശം 16.2 ശതമാനമായിരിക്കുമെന്നായിരുന്നു നേരത്തെ ആര്‍ ബി ഐ പ്രവചിച്ചത്.
റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ ജി.ഡി.പി 13 ശതമാനമായി വളരുമെന്ന് നേരത്തേ പ്രവചിച്ചിരുന്നു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ റിപ്പോര്‍ട്ടില്‍ വളര്‍ച്ചാ നിരക്ക് 15.7 ശതമാനമായിരുന്നു പ്രവചിച്ചത്. കഴിഞ്ഞ സാമ്പത്തിക പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക വളര്‍ച്ച 4.1 ശതമാനമാണ് വര്‍ധിച്ചത്.
അവസാനമായി ജി.ഡി.പി ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിച്ചത് 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ്. 20.1 ശതമാനം വളര്‍ച്ചയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. വ്യാപാര വാണിജ്യ രംഗം, ഗതാഗതം, നിര്‍മ്മാണ മേഖല എന്നിവടങ്ങളില്‍ ഈ കാലയളവിലുണ്ടായ വലിയ കുതിപ്പാണ് ജി.ഡി.പി ഉയരാന്‍ കാരണം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ സ്വകാര്യ നിക്ഷേപം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 20.1 ശതമാനം വളര്‍ച്ചയാണ് നേടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സ്വകാര്യ ഉപഭോഗം 25.9 ശതമാനമാണ് വര്‍ധിച്ചത്. സര്‍ക്കാര്‍ ചെലവ് 1.3 ശതമാനം ഉയര്‍ന്നു. അതേസമയം ഉയര്‍ന്ന പലിശ നിരക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ ഈ പാദത്തില്‍ വേഗത കുത്തനെ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.