ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) നേതൃത്വത്തില്‍ നടത്തപ്പെടുന്ന പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷന്‍ 2024 ജൂലൈ 4,5,6,7 തീയതികളില്‍ സാന്‍ അന്റോയിയോയില്‍ വച്ചു നടത്തപ്പെടുന്നതാണെന്ന് കെ.സി.സി.എന്‍.എ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു.

ലോക പ്രശസ്തമായ സാന്‍ അന്റോണിയോയുടെ റിവര്‍ വാക്കിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററിലായിരിക്കും കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. കെ.സി.സി.എന്‍.എയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇരുപതിലധികം ക്‌നാനായ കത്തോലിക്കാ സംഘടനകളില്‍ നിന്നുമായി 5000-ത്തോളം ക്‌നാനായ കത്തോലിക്കര്‍ ഈ ക്‌നാനായ മാമാങ്കത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍അന്റോണിയ (കെ.സി.എസ്.എസ്.എ) ആണ് കണ്‍വന്‍ഷന്റെ ആതിഥേയര്‍.

നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുവര്‍ക്കുവേണ്ടി ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഗ്രാന്റ് ഹയറ്റ്, മാരിയറ്റ് റിവര്‍ വാക്ക് ഹോട്ടലുകളിലായി 1200 മുറികളാണ് ഇതിനോടകം റിസര്‍വ് ചെയ്തിരിക്കുന്നത്.

ന്യൂയോര്‍ക്ക് (മൂന്നുതവണ), ചിക്കാഗോ (2), ഹൂസ്റ്റണ്‍ (2), ടൊറന്റോ, സാന്‍ഹൊസെ, ഡാളസ്, ഓര്‍ലാന്റോ (2), അറ്റ്‌ലാന്റാ, ഇന്ത്യാന പോളിസ് എന്നിവടങ്ങളിലാണ് ഇതിനു മുമ്പ് കെ.സി.സി.എന്‍.എ കണ്‍വന്‍ഷനുകള്‍ നടത്തപ്പെട്ടിരിക്കുന്നത്. യുവജനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും ആസ്വാദ്യകരമായ പ്രോഗ്രാമുകളാണ് നടത്തപ്പെടുവാന്‍ പോകുന്നത്. നവംബര്‍ ആദ്യവാരം രജിസ്‌ട്രേഷന്‍ ആരംഭിക്കും. പരമാവധി ക്‌നാനായ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ക്‌നാനായ മാമാങ്കത്തെ വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സംഘാടനകസമിതി അഭ്യര്‍ഥിക്കുന്നു.

കെ.സി.സി.എന്‍.എ ഭാരവാഹികളായ ഷാജി എടാട്ട് (പ്രസിഡന്റ്), ജിപ്‌സണ്‍ പുറയംപള്ളില്‍ (എക്‌സി. വൈസ് പ്രസിഡന്റ്), അജീഷ് പോത്തന്‍ താമരത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ഡജോ. സെക്രട്ടറി), സാമോന്‍ പുല്ലാട്ടുമഠം (ട്രഷറര്‍), ഫിനു തൂമ്പനാല്‍ (യൂത്ത് വൈസ് പ്രസിഡന്റ്), നവോമി മരിയ മാന്തുരുത്തില്‍ (ജോ. ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു.