Wednesday, October 4, 2023

HomeMain Story'രാജ്യം മണിപ്പൂരിനൊപ്പം'; ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യമെങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയര്‍ത്തി.

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ മണിപ്പൂര്‍ സംഘര്‍ഷം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അവിടെ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവര്‍ക്കും രക്തസാക്ഷികളായവര്‍ക്കുമെല്ലാം ആദരാജ്ഞലി അര്‍പ്പിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ എന്റെ നാട് ജനസംഖ്യയുടെ കാര്യത്തിലും ലോകത്തെ ഏറ്റവും വലിയ രാജ്യമായിരിക്കുകയാണെന്നും എന്റെ 140 കോടി കുടുംബാംഗങ്ങളും സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലാണെന്നും മോദി പറഞ്ഞു. തുടര്‍ന്നായിരുന്നു മണിപ്പൂരിലേക്കു കടന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമപരമ്ബരകള്‍ക്കാണ് മണിപ്പൂര്‍ സാക്ഷിയായത്. ഒരുപാടുപേര്‍ക്കു ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിനു ക്ഷതമേറ്റു. എന്നാല്‍, മേഖലയില്‍ പതുക്കെ സമാധാനം തിരിച്ചുവരികയാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ. പരിഹാരമുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യം മണിപ്പൂരിനൊപ്പമുണ്ട്-നരേന്ദ്ര മോദി പറഞ്ഞു.

അന്നത്തെ കാലത്ത് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും സത്യഗ്രഹത്തിലൂടെയും ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു തുടങ്ങിയവരുടെ രക്തസാക്ഷിത്വത്തിലൂടെയുമെല്ലാം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു സംഭാവന ചെയ്യാത്തവര്‍ കുറവാണെന്ന് മോദി പറഞ്ഞു.

ഇന്നത്തെ നമ്മുടെ തീരുമാനങ്ങളും ആത്മാര്‍പ്പണങ്ങളും അടുത്ത ആയിരം വര്‍ഷത്തെ സ്വാധീനിക്കും. പുത്തൻ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമായി രാജ്യം മുന്നോട്ടുകുതിക്കുകയാണ്. ജനസംഖ്യയ്ക്കും ജനാധിപത്യത്തിനും വൈവിധ്യത്തിനും രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാകും. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ ലോകം പുതിയ പ്രതീക്ഷ വയ്ക്കുന്നു. കോടിക്കണക്കിനു യുവാക്കള്‍ ഇന്ന് ഇന്ത്യയ്ക്കുണ്ട്. നഷ്ടപ്പെട്ട സമൃദ്ധി രാജ്യം തിരിച്ചുപിടിക്കുമെന്ന് മോദി തുടര്‍ന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടി നടത്തി. കേരളത്തില്‍നിന്നുള്ള മൂന്നു തൊഴിലാളികള്‍ ഉള്‍പ്പെടെ 1,800 വിശിഷ്ടാതിഥികള്‍ ചെങ്കോട്ടയില്‍ ചടങ്ങുകള്‍ വീക്ഷിക്കാനെത്തി.

ചെങ്കോട്ടയിലെ ആഘോഷ പരിപാടികള്‍ക്കിടെ, മണിപ്പൂര്‍ വിഷയം ഉന്നയിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യത എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പഴുതടച്ച ക്രമീകരണങ്ങള്‍ ചെങ്കോട്ടയില്‍ ഒരുക്കിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ചെങ്കോട്ടയില്‍ ഉള്ളത്, ഒപ്പം ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെ മന്ത്രിമാരും വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ള അതിഥികളടക്കം രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി. 2021ല്‍ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിനും ഇന്നു സമാപനം കുറിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments