വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികളുടേയും മകന്റേയും മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. കര്‍ണാടക ദാവണ്‍ഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകന്‍ യാഷ് (6) എന്നിവരാണ് മരിച്ചത്. മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.
കര്‍ണാടകത്തിലെ ദാവന്‍ഗെരെ ജില്ലയിലെ ജഗലൂര്‍ താലൂക്കിലെ ഹലേക്കല്‍ ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശം. യോഗേഷിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ 25 വര്‍ഷമായി ദാവന്‍ഗെരെയിലെ വിദ്യാനഗറിലാണ് താമസിച്ചിരുന്നത്. യോഗേഷിന്റെ അച്ഛന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതിനാല്‍ അമ്മ ദാവംഗരെയില്‍ തനിച്ചായിരുന്നു താമസം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും കര്‍ണാടക പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം തേടിയതായും നാട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു.