ന്യൂഡൽഹി: പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിർത്തി രക്ഷാസേന പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണെന്നും നിയമനടപടികൾക്കായി സംസ്ഥാന പൊലീസിന് കൈമാറുമെന്നും സേനാ വക്താവ് അറിയിച്ചു.
പശ്ചിമ ബംഗാൾ, ത്രിപുര അതിർത്തികളിൽനിന്ന് രണ്ടുപേരെ വീതവും മേഘാലയ അതിർത്തിയിൽനിന്ന് ഏഴുപേരെയുമാണ് പിടികൂടിയത്. അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. അയൽരാജ്യത്തെ സംഘർഷ സാഹചര്യവും ഇന്ത്യൻ സ്വാതന്ത്ര്യദിനം അടുത്തുവരുന്നതും പരിഗണിച്ച് അതിർത്തിയിൽ ജാഗ്രതയിലാണ്. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
പ്രക്ഷോഭത്തിനിടെ 1200 തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടതായും ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്നും ബംഗ്ലാദേശിലെ സുരക്ഷ ഏജൻസികൾ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ കര അതിർത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും 4096 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ബംഗ്ലാദേശിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) അഡീഷനൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.