വാഷിംഗ്ടണ്‍: ഇസ്രയേലിനു നേര്‍ക്ക് ഈ ആഴ്ച്ച ഇറാന്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നല്കി അമേരിക്ക. അമേരിക്കന്‍ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിനു നേര്‍ക്ക് ആക്രമണം ഉണ്ടാവുമെന്ന് ഉറപ്പാക്കിയതോടെ അമേരിക്ക ഇസ്രായേലിനുള്ള പിന്തുണ പ്രകടിപ്പിച്ച് വിമാനവാഹിനിക്കപ്പല്‍ സ്ട്രൈക്ക് ഗ്രൂപ്പിനെയും ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനിയെയും യുദ്ധ സാധ്യതയുള്ള മേഖലയിലേക്ക് അയച്ചു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെ വധിച്ചതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഇറാന്റെ ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ഹനിയേയുടെ കൊലപാതകത്തിന് ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ടെഹ്റാന്‍ പരസ്യമായി പറഞ്ഞിരുന്നു ഇറാനില്‍ നിന്നും ശക്തമായ ആക്രമണമാണ് ഇസ്രയേലും പ്രതീക്ഷിക്കുന്നത്.
‘ആക്രമണകാരിയെ ശിക്ഷിക്കുന്നതിലൂടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെ സാഹസികമായ പെരുമാറ്റത്തിനും അന്യദേശീയ ഭീകരതയ്ക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിലൂടെയും മേഖലയിലെ സ്ഥിരതയുടെയും സുരക്ഷയുടെയും ഏകീകരണം കൈവരിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.
സംഘര്‍ഷഭരിതമാകുന്ന സ്ഥിതി കണക്കിലെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തി.ഇറാന്റെ ഏത് ഭീഷണിക്കും എതിരെ അഞ്ച് രാജ്യങ്ങളിലെയും നേതാക്കള്‍ ഇസ്രായേലിന് പിന്തുണ പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.