കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിർമിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങള്‍ക്ക് വിധേയമായും നിർമിച്ചു നല്‍കും.
വീട് നിർമിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കളക്ടറുടെ ചേബറില്‍ മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍, വയനാട് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയ കത്ത് കൈമാറി. യൂഹാനോന്‍മാര്‍ പോളിക്കര്‍പ്പോസ് (അങ്കമാലി), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (സുല്‍ത്താന്‍ ബത്തേരി), സഭാ ട്രസ്റ്റി റോണി വര്‍ഗീസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.