ഷിരൂർ: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്.
രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷം സംഘം ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചിൽ തുടരും. തിരച്ചിലിന് അനുകൂലമായ സാഹചര്യമായതിനാൽ നാളെ വിപുലമായ പരിശോധന നടത്തും.
കരയോട് തൊട്ടടുത്ത ഭാഗത്ത് നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ, നാവികസേനയ്ക്കു പകരം ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. ബോട്ട് പുഴയിലിറക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളും സംഘത്തിലുണ്ട്. അർജുന്റെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്.