ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി പറഞ്ഞു. പശുക്കളെ സംരക്ഷിക്കുകയെന്നതു ഹൈന്ദവരുടെ മൗലിക അവകാശമാക്കണമെന്നും, ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ടയാള്‍ക്ക് ജാമ്യം നിഷേധിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് ശേഖര്‍ യാദവ് നിരീക്ഷിച്ചു.
പ്രതി നേരത്തെയും ഗോവധം നടത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ സാമൂഹിക പരിസ്ഥിതിക്കു ദോഷമുണ്ടാക്കുമെന്നും വിലയിരുത്തിയാണു ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 9 ന് ഖിലേന്ദ്ര സിങ് എന്നയാളുടെ പശുവിനെ മോഷ്ടിച്ചു കശാപ്പു ചെയ്‌തെന്നാണു കേസ്. മോഷണക്കുറ്റവും ഗോവധനിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയ കേസില്‍ യുപി സര്‍ക്കാരാണ് എതിര്‍കക്ഷി.
ഗോസംരക്ഷണത്തെക്കുറിച്ചു പറയുന്നവര്‍ തന്നെ ഗോമാംസം കഴിക്കുന്നുവെന്നതു വേദനയുണ്ടാക്കുന്നു. കറവ വറ്റിയ പശുക്കള്‍ തെരുവില്‍ അലയുന്ന സ്ഥിതിയാണ്. പശുക്കള്‍ക്കൊപ്പം നിന്നു ചിത്രമെടുത്താല്‍ മാത്രം ഗോസംരക്ഷണം ആകില്ലെന്നും പശുക്കള്‍ പ്ലാസ്റ്റിക് കഴിച്ചു ചാവുന്ന സ്ഥിതിയാണെന്നും കോടതി വിമര്‍ശിച്ചു.
ഗോമാംസം കഴിക്കുന്നവര്‍ക്കു മാത്രമല്ല, പശുവിനെ ആരാധിക്കുകയും സാമ്പത്തികമായി ആശ്രയിക്കുകയും ചെയ്യുന്നവര്‍ക്കും മൗലികാവകാശമുണ്ട്. ഗോമാംസം കഴിക്കാനുള്ള അവകാശം മൗലികമല്ല.
പ്രായമായി, രോഗം ബാധിച്ച സ്ഥിതിയിലും പശുവിനെക്കൊണ്ടു ഗുണമുണ്ട്. ചാണകവും മൂത്രവും കൃഷിക്കും ഔഷധങ്ങള്‍ക്കും ഉപയോഗിക്കുന്നു. മാതാവായി ആരാധിക്കപ്പെടുന്ന പശുവിനെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല.
രാജ്യത്തിന്റെ സംസ്കാരത്തിനും വിശ്വാസത്തിനും മുറിവേല്‍ക്കുമ്പോള്‍ രാജ്യം ദുര്‍ബലമാകും. പശുക്കളെ സംരക്ഷിക്കുമ്പോഴാണു രാജ്യം സുരക്ഷിതമാകുന്നതും അഭിവൃദ്ധിപ്പെടുന്നതും. സംസ്കൃതി മറക്കപ്പെടുമ്പോള്‍ വിദേശികള്‍ നമ്മെ ആക്രമിച്ച് അടിമകളാക്കും. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതു മറക്കരുത്.
ഹൈന്ദവര്‍ മാത്രമല്ല, മുസ്‌ലിംകളും പശുവിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. 5 മുസ്‌ലിം ഭരണാധികാരികള്‍ ഗോവധം നിരോധിച്ചിരുന്നു. ബാബറും ഹുമയൂണും അക്ബറും ആഘോഷങ്ങളില്‍ പശുബലി നടത്തുന്നത് തടഞ്ഞിരുന്നു.