കോട്ടയം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമന വിഷയത്തില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതയേല്‍ക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതിയംഗവുമാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിയുമായി സംഘടനാപരമായ ആലോചന നടത്തേണ്ട ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
താനും ഉമ്മന്‍ചാണ്ടിയും നയിച്ച 17 വര്‍ഷം പാര്‍ട്ടി വലിയ നേട്ടം കൈവരിച്ചു. കെ. കരുണാകരനും കെ. മുരളീധരനും അക്കാലത്താണ് പാര്‍ട്ടിയില്‍ തിരിച്ചു വരുന്നത്. അന്ന് താന്‍ കെ.പി.സി.സി അധ്യക്ഷനും ഉമ്മന്‍ചാണ്ടി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായിരുന്നു. അത്ഭുതകരമായ തിരിച്ചു വരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയത്.
പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റി നിര്‍ത്തേണ്ട. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യത്തിന്‍റെ ഭാഷ ഉപയോഗിച്ചിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ചു കൊണ്ടു പോയെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.