കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റു മരണങ്ങള്‍ അടക്കം ആരോഗ്യവകുപ്പ് പരിശോധിക്കും.
മരിച്ച കുട്ടിക്കു മുന്‍പ് മറ്റാരെങ്കിലും വൈറസ് ബാധിതരായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ക്കായി 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ചികില്‍സയ്ക്കാവശ്യമായ മരുന്നുകള്‍ സ്‌റ്റോക്കുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍നിന്നു കൂടുതല്‍ മരുന്ന് എത്തിക്കുമെന്ന് ഐസിഎംആര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിരീക്ഷണ പട്ടികയില്‍ ഉള്ളവരുടെ സ്രവസാംപിള്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കുന്നുണ്ട്.
കുട്ടിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 188 പേരില്‍ 136 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 100 പേര്‍ മെഡിക്കല്‍ കോളജിലും 36 പേര്‍ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരെ ചികിത്സയ്ക്കായി മാറ്റി.
കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന സ്ഥലം മുതലുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.