രാജേഷ് വര്‍ഗീസ്
ചെയര്‍മാന്‍, നേര്‍കാഴ്ച
ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയാഘോഷം അവിസ്മരണീയമായി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത് 157 റണ്‍സിന്റെ ആധികാരിക വിജയമാണ്. ഇംഗ്ലണ്ടിനെ 210 റണ്‍സിനാണ് പുറത്താക്കിയത്. രോഹിത് ശര്‍മ ടെസ്റ്റിലെ താരമായി.

അശ്വിനില്ലാതെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്പിന്നിങ് വിക്കറ്റായ ഓവലില്‍ ഇറങ്ങുക. മാപ്പര്‍ഹിക്കാനാവാത്ത തെറ്റാണെന്ന് ഇന്ത്യയുടെ മുന്‍കാല താരങ്ങളടക്കം വിലയിരുത്തിയിടത്ത് നിന്ന് തുടങ്ങുന്നു ഇന്ത്യയുടെ ഓവലിലെ വിജയഗാഥ. 191 ന് ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായത് മുതല്‍ വിരാട് കോലി എന്ന ക്യാപ്റ്റന്‍ സമ്മദ്ദര്‍ത്തിലായിരുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയുടെ ശരിക്കുമുള്ള പരീക്ഷണം ആരംഭിച്ചത് അവിടെ നിന്നായിരുന്നു.
ഇന്ത്യ വരുത്തിയ 2 മാറ്റങ്ങള്‍ നുര്‍ണായകമായി. ക്രിക്കറ്റ് പ്രേമികള്‍ ഇതറിയണം. ഷാര്‍ദ്ദുല്‍ താക്കൂറും ഉമേഷ് യാദവും ക്യാപ്റ്റന്റെ കോണ്‍ഫിഡന്‍സ് തങ്ങളിലേക്ക് ആവാഹിച്ചപ്പോള്‍ പിറന്നത് മികച്ച പ്രകടനങ്ങള്‍. ബാറ്റ് കൊണ്ട് 2 ഇന്നിങ്‌സില്‍ അര്‍ദ്ധശതകവും ബോള്‍ കൊണ്ട് ക്രൂഷ്യല്‍ ബ്രേക്ക് ത്രൂ കളുമായി ഷര്‍ദ്ദൂലും ഇന്ത്യയുടെ അന്തകനായ റൂട്ടിനെ പുറത്താക്കി ഉമേഷും ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തു.

എടുത്ത് പറയേണ്ടത് രണ്ടാമിന്നിങ്‌സില്‍ കോലി നടത്തിയ ബൗളിംഗ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് സെറ്റുമാണ്. ഷാര്‍ദ്ദൂലിന്റെ ബൗളിംഗ് വിദഗ്ധമായി ഉപയോഗിച്ചത്, ഉമേഷിനെയും ബുംറയേയും കൊണ്ടുവന്ന സമയം, ഇടംകൈയ്യന്‍മാരുടെ ഗുഡ് ലെങ്ത്തില്‍ രൂപപ്പെട്ട മാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ ജഡേജയെ കൂടുതല്‍ ഉപയോഗിച്ചത്, മലാനെ കുടുക്കിയ ഫീല്‍ഡ് സെറ്റിങ്, ന്യൂ ബോള്‍ എടുക്കാമായിരുന്നിട്ടും അതെടുക്കാതിരുന്ന തീരുമാനം, എല്ലാത്തിനുപരി മുന്നില്‍ നിന്നും നയിച്ച് ടീമിന് കൊടുത്ത കോണ്‍ഫിഡന്‍സ്. ക്യാപ്റ്റന്‍ കോലി വളരെ മനോഹരമായാണ് ഈ ടീമിനെ നയിച്ചിരിക്കുന്നത്. ഇനി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റനിലേക്ക് വെറും 15 ടെസ്റ്റ് വിജയങ്ങള്‍ മാത്രം.

ഹെഡിങ്‌ലിയില്‍ വമ്പന്‍ പരാജയം ഏറ്റു വാങ്ങി പരമ്പരയിലെ ലീഡ് കൈ വിട്ടപ്പോള്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യമിങ്ങനെ.
”ഇപ്പോള്‍ സീരീസ് 11 സമനിലയില്‍ എത്തിയിരിക്കുന്നു.അടുത്ത മത്സരത്തില്‍ നിങ്ങളുടെ ടീമിന് തിരിച്ചു വരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടോ..?”
ഒരു തരി സംശയമില്ലാത്ത കോലി നല്‍കിയ മറുപടി കേള്‍ക്കുക…”അതേ,തീര്‍ച്ചയായും, ഞങ്ങള്‍ മുന്‍പും പരാജയങ്ങളില്‍ തിരിച്ചു വന്നിട്ടുണ്ടല്ലോ.തിരിച്ചു വന്നു വിജയിക്കാന്‍ സാധിക്കുമെന്നത് ഞങ്ങള്‍ക്കുറപ്പുണ്ട്. മുന്‍പ് പല തവണ ഞങ്ങള്‍ക്കത് തെളിയിക്കാന്‍ സാധിച്ചിട്ടുമുണ്ടല്ലോ…”
ഇന്ത്യന്‍ ക്യാപ്റ്റന്റെ ആത്മവിശ്വാസം ഓവര്‍ കോണ്ഫിഡന്‍സ് അല്ലെയെന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിരുന്നു. ചിലരൊക്കെ പരിഹസിച്ചിരുന്നു. പക്ഷെ ഓവലില്‍ അയാള്‍ സംശയം പ്രകടിപ്പിച്ച എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കുകയാണ്.
വിജയം മാത്രം ലക്ഷ്യം വെച്ചു മുന്നില്‍ നിന്ന് നയിക്കുന്ന അഗ്രീസിവ് ആയൊരു ക്യാപ്റ്റനും ക്യാപ്റ്റന്റെ പാഷനും കമ്മിറ്റ്‌മെന്റും അതേ പടി ഗ്രൗണ്ടില്‍ പകര്‍ത്തുന്ന ഒരു ടീമും ഒത്തുചേരുമ്പോള്‍ അവിടെ പിറവിയെടുക്കുന്നത് ചരിത്രമാണ്, ഒരു ചാമ്പ്യന്‍ ടീം ആണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലുണ്ടായ മാറ്റത്തിന്റെ നേര്‍ സൂചകമാണ്.വിജയം മാത്രം ലക്ഷ്യം വെച്ചു കളിക്കുന്നു എന്ന് മാത്രമല്ല. പരാജയങ്ങള്‍ സംഭവിച്ചാല്‍ തകര്‍ന്ന് പോകുന്ന പഴയ കഥകള്‍ക്ക് പകരം അതി ശക്തമായി തിരിച്ചു വരുന്ന ഒരു ക്യാരക്ടര്‍ ഈ ടീം ബില്‍ഡ് ചെയ്തിരിക്കുന്നു. ഓസ്‌ട്രേലിന്‍ മണ്ണില്‍ രണ്ട് തവണ പരമ്പര നേടിയപ്പോള്‍ നമ്മള്‍ കണ്ട കാഴ്ച്ച ഇംഗ്ലീഷ് മണ്ണിലും അത് പോലെ തുടരുന്ന കാഴ്ചക്കാണ് ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
ഓര്‍ക്കണം, കഴിഞ്ഞ ടെസ്റ്റ് മത്സരം അതി ദയനീയമായി പരാജയപ്പെടുകയും ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു വേള 123/7 വിക്കറ് നഷ്ടപ്പെടുകയും വെറും 191 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്ത ടീമാണ് നാല് ദിവസങ്ങള്‍ക്കിപ്പുറം 157 റണ്‍സിന്റെ ഐതിഹാസിക വിജയം കരസ്ഥമാക്കിയിരിക്കുന്നത്. രണ്ട് ഭാഗത്തേക്കും മാറി മറിഞ്ഞ ഒരു ടെസ്റ്റ് മത്സരത്തിന്റെ അന്തിമ ഫലം കൃത്യമായി പദ്ധതികളിലൂടെ ഇന്ത്യക്ക് അനുകൂലമാക്കി മാറ്റുന്ന മാസ്റ്റര്‍ ക്ലാസ് ടീം പെര്‍ഫോമന്‍സിനാണ് ഓവല്‍ സാക്ഷ്യം വഹിച്ചത്.
നാലാം ദിനത്തിന്റെ അവസാന സെഷനില്‍ ബാറ്റിംഗ് പറുദീസയിയായ കൊണ്ടിരിക്കുന്ന പിച്ചില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ അനായാസേന റണ്‍സ് കണ്ടെത്തിയതോടെ മത്സരം പതുക്കെ ഇന്ത്യയുടെ നിയന്ത്രണത്തില്‍ നിന്നും കൈ വിട്ട് പോകുന്നതായി തോന്നിച്ചിരുന്നു. പക്ഷെ എല്ലാ ആശങ്കകളും അപ്രസക്തമാക്കി ഇന്ത്യന്‍ നിരയുടെ മുഖമുദ്രയായ കംബാക്ക് കംപ്ലീറ്റ് ചെയ്യുന്ന ദിനമായി പൊടുന്നനെ അഞ്ചാം ദിനം മാറുകയായിരുന്നു.

സെഞ്ചുറി പാര്‍ട്‌നര്‍ഷിപ് പടുത്തുയര്‍ത്തിയ ഇംഗ്ലണ്ട് ഓപ്പണിങ് കൂട്ട്‌കെട്ടു സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചപ്പോള്‍ ബേന്‍സിനെ പന്തിന്റെ കയ്യിലെത്തിച്ച താക്കൂറിലൂടെ ഇന്ത്യ ബ്രെക്ക് ത്രൂ കണ്ടെത്തുകയാണ്. പിന്നീട് കൃത്യമായ ഫീല്‍ഡ് പ്ലെസ്‌മെന്റുകളും ബൗളിംഗ് ചേഞ്ചുകളുമായി സമ്മര്‍ദ്ദം ചെലുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തന്റെ പദ്ധതികള്‍ക്കനുസരിച്ചു കൊണ്ട് വന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് അനിവാര്യമായ പരാജയമുഖത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു.
ലഞ്ചിന് ശേഷമുള്ള ജസ്പ്രീത് ബുംറയുടെയും രവീന്ദ്ര ജഡേജയുടെയും സ്‌പെല്ലുകള്‍ അക്ഷരാര്‍ഥത്തില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വരിഞ്ഞു കെട്ടുകയായിരുന്നു. ഒരു എന്‍ഡില്‍ റണ്‍സ് ഒട്ടും വിട്ട് കൊടുക്കാതെ ജഡേജ പ്രഷര്‍ ക്രിയേറ്റ് ചെയ്യുകയും മറുവശത്ത് നിന്ന് തീ തുപ്പുന്ന പന്തുകളുമായി ബുംറ ഇംഗ്ലീഷ് മിഡില്‍ ഓര്‍ഡര്‍ തകര്‍ത്തെറിയുകയും ചെയ്തു. ഒരു മെഷീനില്‍ നിന്നെന്ന പോലെ പോലെ പ്രവഹിച്ചു കിറു കൃത്യമായ യോര്‍ക്കറുകള്‍.
ഒന്നാം ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ ഹീറോ ഓലി പോപ്പിന്റെ വിക്കറ്റ് കടപുഴക്കിയപ്പോള്‍ മറ്റൊരു ഉജ്വല യോര്‍ക്കറില്‍ ബയര്‍ സ്‌റ്റോ സംപൂജ്യനായി മടങ്ങി.മറുവശത്ത് അലിയുടെ വിക്കറ്റ് തെറിപ്പിച്ചു ജഡേജയും ആക്രമിച്ചു തുടങ്ങിയപ്പോള്‍ ബ്രിട്ടീഷ് പടക്കപ്പല്‍ നടുക്കടലില്‍ മുങ്ങാന്‍ തുടങ്ങി. എങ്ങനെയും പരാജയം ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ ജോ റൂട്ടും വോക്‌സും നടത്തിയ അവസാന വട്ട ശ്രമങ്ങള്‍ ഇന്ത്യന്‍ വിജയം വൈകിപ്പിക്കുമോ എന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ വീണ്ടും വിരാട് കോലിയുടെ നിര്‍ണായക ബോളിങ് ചേഞ്ചുകള്‍.
സിറാജിനെ മാറ്റി ഠാക്കൂറിനെ കൊണ്ട് വരുന്നു. ആദ്യ പന്തില്‍ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയായ റൂട്ടും പിഴുതെറിയപ്പെടുന്നു. ഠാകൂറിനെ മാറ്റി ഉമേഷ് യാദവിനെ തിരിച്ചു കൊണ്ട് വരുന്നു. ആദ്യ പന്തില്‍ വോക്‌സിനെ തിരിച്ചയച്ച ഉമേഷ് അടുത്ത രണ്ടു വിക്കറ്റുകള്‍ കൂടെ പിഴുതെറിഞ്ഞ് അവിസ്മരണീയം വിജയം കുറിക്കുന്നു.
ഈ മത്സരത്തില്‍ വിരാട് ടീം സെലക്ഷനില്‍ വരുത്തിയ മാറ്റങ്ങള്‍ ആദ്യ ദിനത്തില്‍ നിശിത വിമര്‍ശനം നേരിട്ടിരുന്നു. പക്ഷെ രണ്ട് സ്പിന്നര്‍മാര്‍ക്ക് പകരം ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തി ഠാക്കൂറിലൂടെ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ശക്തമാക്കാനുള്ള ധീരമായ തീരുമാനം വിജയത്തില്‍ എത്ര മാത്രം നിര്‍ണായകമായി എന്ന് നമ്മള്‍ അനുഭവിച്ചറിഞ്ഞു. ഉമേഷ് യാദവ് ആദ്യ ഇന്നിംഗ്‌സിലെ ജോ റൂട്ടിന്റെ വിക്കറ്റ് ഉള്‍പ്പെടെ മത്സരത്തില്‍ 6 വിക്കറ്റുകള്‍ കടപുഴക്കിയപ്പോള്‍ നാലാം പേസര്‍ ഠാക്കൂര്‍ മത്സരത്തില്‍ എല്ലാ ഇന്നിങ്‌സിലും ഏറ്റവും ഇമ്പാക്റ്റ് ഉണ്ടാക്കിയ ഇന്ത്യന്‍ താരമായി.
തന്റെ ആദ്യ ഓവര്‍സീസ് സെഞ്ചുറി നേടിയ ഉജ്വല ഇന്നിങ്‌സിലൂടെ ഇന്ത്യന്‍ പതാക വാഹകനായ മാന്‍ ഓഫ് ദി മാച്ച് രോഹിത് ശര്‍മയും രണ്ടാം ഇന്നിംഗ്‌സില്‍ ബിഗ് സ്‌കോറിലേക്ക് കോണ്ട്രി ബ്രൂറ്റ് ചെയ്ത് ലോകേഷ് രാഹുലും പൂജാരയും ഋഷഭ് പന്തും മുതല്‍ അവസാന വിക്കറ്റ് വീഴിത്തിയ ഉമേഷ് യാദവ് വരെ ഒന്നോ രണ്ടോ പേരൊഴിച്ചു മറ്റ് എല്ലാവരും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയപ്പോള്‍ മുന്‍പ് ഒരിക്കലും കാണാനാവത്ത കാഴ്ചക്കാണ് ഇന്ത്യന്‍ ആരാധകര്‍ ഓവലില്‍ സാക്ഷിയായത്.
അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ ബ്രിട്ടനെ കെട്ട് കെട്ടിച്ച വിജയത്തിന് പുറമെ ഇംഗ്ലീഷ് മണ്ണില്‍ മറ്റൊരു ടെസ്റ്റ് വിജയം കൂടെ രചിച്ചു ഈ ടീം ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെറും 191 റണ്‍സിന് ഓള്‍ ഔട്ട് ആയ ഇന്ത്യന്‍ ടീം 157 റണ്ണിന്റെ വിജയം നേടുന്ന ഒട്ടും പരിചിതമല്ലാത്ത കാഴ്ച്ച തന്നെ.
ആരൊക്കെയാണ് ഈ വിജയത്തിന്റെ അവകാശികള്‍..? തന്റെ ആദ്യ വിദേശ സെഞ്ചുറിയോടെ രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ അടിത്തറ പാകിയ രോഹിത് ശര്‍മ്മ, 99 റണ്‍സ് കടവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്ക് രോഹിതിന്റെ കൂടെ മികച്ച തുടക്കം നല്‍കിയ രാഹുല്‍, പതിവില്‍ നിന്ന് വ്യത്യസ്തമായി അഗ്രെസ്സിവ് ഷോട്ടുകളിലൂടെ സ്‌കോര്‍ മുന്നോട്ട് നയിച്ച പൂജാര, രണ്ട് വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറികളും നിര്‍ണായക വിക്കറ്റുകളുമായി കളം നിറഞ്ഞ് കളിച്ച ശാര്‍ദൂല്‍ ഠാക്കൂര്‍, അര്‍ദ്ധ സെഞ്ചുറിയോടെ താക്കൂറിന്റെ കൂടെ സെഞ്ചുറി കൂട്ട് കെട്ട് തീര്‍ത്ത ഋഷഭ് പന്ത്, ഈ പരമ്പരയില്‍ ഇന്ത്യക്ക് എറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ റൂട്ടിന്റെ ഉള്‍പ്പെടെ നിര്‍ണായക വിക്കറ്റുകളുമായി തിളങ്ങിയ ഉമേഷ് യാദവ്, എണ്ണം പറഞ്ഞ പന്തുകളിലൂടെ ഒലെ പോപ്പിന്റെയും ബെയര്‍സ്‌റ്റോവിന്റെയും സ്റ്റമ്പുകള്‍ തകര്‍ത്ത ബുംറ, അര്‍ദ്ധ സെഞ്ച്വറി കൂട്ട്‌കെട്ടില്‍ പങ്കാളിയാവുകയും നിര്‍ണായക വിക്കറ്റുകളും നേടിയ ജഡേജ.

കഴിഞ്ഞില്ല , യഥാര്‍ഥത്തില്‍ വിജയരഥത്തില്‍ തേരാളി ആയത് രാജാവ് തന്നെയായിരുന്നു. രണ്ടിന്നിങ്‌സിലും ബാറ്റിങ്ങില്‍ നിര്‍ണായക സംഭാവന നല്‍കിയതില്‍ ഒതുങ്ങിയില്ല, അഞ്ചാം ദിവസം ഫീല്‍ഡില്‍ കണ്ടത് തന്റെ പടയാളികളെയും കൂട്ടി യുദ്ധം ചെയ്യുന്ന രാജാവിനെ തന്നെയായിരുന്നു. ഫീല്‍ഡിലെ പത്ത് പേര്‍ക്കും ആവേശവും ആത്മവിശ്വാസവുമായി നിറഞ്ഞ് കളിച്ച വിരാട് കോലിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജാവ്. കോലി വരുത്തിയ ബൗളിംഗ് മാറ്റങ്ങള്‍ക്കും ഫീല്‍ഡ് ട്രാപ്പുകള്‍ക്കും മുന്നില്‍ ഇംഗ്ലണ്ടിന് മറുപടി ഉണ്ടായിരുന്നില്ല. ഒടുവില്‍ ആന്‍ഡേഴ്‌സണ്‍ എന്ന അവസാന ബാറ്റ്‌സ്മാനും കൂടാരം കയറിയതോടെ യുദ്ധത്തിന് വിജയപരിസമാപ്തി.
ഇത് ദേശാഭിമാനികളായ ഏതൊരിന്ത്യക്കാരനെയും രോമാഞ്ചമണിയിക്കുന്ന അഭിമാന വിജയം…