ന്യൂഡല്‍ഹി: 2020ലെ കരിപ്പൂര്‍ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നിര്‍ദ്ദിഷ്ട സ്ഥാനത്തേക്കാള്‍ മുന്നോട്ടുപോയി വിമാനം പറന്നിറങ്ങിയത് അപകടത്തിനു കാരണമായി.
അടുത്ത വിമാനത്താവളത്തെ ആശ്രയിക്കുകയെന്ന ഗോ എറൗണ്ട് നിര്‍ദേശം പാലിക്കപ്പെട്ടില്ല. വിമാനം വശങ്ങളിലേക്കു തെന്നിമാറി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് മുന്നോട്ടുപോയി വിമാനം മൂന്നു ഭാഗമായി തകരുകയായിരുന്നു.
വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് ഇടപെട്ടില്ല. സാങ്കേതിക പിഴവ് തള്ളിക്കളായാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ 257 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2020 ഓഗസ്റ്റ് 7നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്.165 പേര്‍ക്കു പരുക്കേറ്റു. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.