വാഷിങ്ടണ്‍: ലോകത്തുടനീളം വേറിട്ട മുദ്ര നല്‍കിയവരാണ് ഇന്ത്യന്‍ പ്രവാസി സമൂഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉഭയകക്ഷി സൗഹൃദം സുദൃഢമാക്കുന്നതിന്‍െറ ഭാഗമായി യു.എസിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കിയ വരവേല്‍പിലാണ് പ്രതികരണം. വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും പ്രവാസികള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
ആവേശകരമായ സ്വീകരണത്തിന് നന്ദി പറയുന്നതായും പ്രവാസി സമൂഹമാണ് രാജ്യത്തിന്‍െറ കരുത്തെന്നും പിന്നീട് മോദി പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ സി.ഇ.ഒമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പിന്നീട് ട്വീറ്റ് ചെയ്തു. ഇത്തവണ യു.എസ് സന്ദര്‍ശനത്തിലെ അജണ്ടകളിലൊന്നാണ് ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ച.
കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വലിയ പൊതു പരിപാടികള്‍ നടന്നേക്കില്ല. അമേരിക്കന്‍ ജനസംഖ്യയുടെ 1.2 ശതമാനമുള്ള ഇന്ത്യന്‍ വംശജര്‍ രാഷ്ട്രീയത്തിലുള്‍പ്പെടെ നിര്‍ണായക സാന്നിധ്യമാണ്.
2014ല്‍ ആദ്യമായി അധികാരമേറിയ ശേഷം ഏഴാം തവണയാണ് മോദി യു.എസ് സന്ദര്‍ശനം നടത്തുന്നത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവര്‍ക്കു പുറമെ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസ്, ജപ്പാന്‍ പ്രധാനമന്ത്രി യോഷിദെ സുഗ എന്നിവരെയും കാണും.