Thursday, April 25, 2024

HomeMain Storyമിഖായേല്‍ ഗോര്‍ബച്ചേവ്: ഒരേസമയം നായകനും വില്ലനുമായി വിലയിരുത്തപ്പെട്ടയാള്‍

മിഖായേല്‍ ഗോര്‍ബച്ചേവ്: ഒരേസമയം നായകനും വില്ലനുമായി വിലയിരുത്തപ്പെട്ടയാള്‍

spot_img
spot_img

ജീവിതത്തില്‍ ഒരേ സമയം സര്‍വസമ്മതനും ജനവിരുദ്ധനുമായി വിലയിരുത്തപ്പെട്ട ഗോര്‍ബച്ചേവ് എന്ന മിഖായേല്‍ സെര്‍ഗേവിച്ച് ഗോര്‍ബച്ചേവ് 91-ാം വയസില്‍ വിട പറയുമ്പോള്‍ ചരിത്രത്തിലെ ഒരു അധ്യായത്തിന് കൂടിയാണ് തിരശീല വീഴുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളെന്നാണ് ഗോര്‍ബച്ചേവ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ തന്റെ അവസാനം വരെയും അദ്ദേഹം ജീവിച്ചത് ഒരു ഇരട്ട യാഥാര്‍ത്ഥ്യത്തിലാണെന്ന് തന്നെ പറയാം. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ പശ്ചാത്ത്യ രാജ്യങ്ങളില്‍ ഹീറോ ആയി വാഴ്ത്തപ്പെടുമ്പോഴും, സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് വില്ലനെന്ന പരിവേഷമായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ അഴിച്ചുവിട്ട കോളിളക്കങ്ങളോട് ഒരിക്കലും ക്ഷമിക്കാത്ത നിരവധി റഷ്യക്കാരുണ്ടായിരുന്നു.

അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗോര്‍ബച്ചേവ് വഹിച്ച പങ്ക് നിര്‍ണായകമാണ്. എന്നാല്‍ 1991ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. 1985 മുതല്‍ 1991 വരെ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ് കൊണ്ടുവന്ന ഭരണപരിഷ്‌കരണ നടപടികള്‍ ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല, ലോകത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.

രാഷ്ട്രീയ സുതാര്യത വാഗ്ദാനം ചെയ്ത് അദ്ദേഹം കൊണ്ടുവന്ന ‘ഗ്ലാസ്നോസ്ത്’, റഷ്യക്കാര്‍ക്ക് മുമ്പൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത രീതിയില്‍ സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ ഭരണത്തെ വിശേഷിപ്പിക്കുന്നത് അതിസാഹസികമായിരുന്നുവെന്നാണ്. മറ്റു ചിലര്‍ ഗോര്‍ബച്ചേവിനെ കണ്ടത് ലോകത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഭരിച്ചിരുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ വിനാശകനായാണ്. അവര്‍ ഗോര്‍ബച്ചേവിന്റെ നയങ്ങളെ കുറ്റപ്പെടുത്തി.

ഗോര്‍ബച്ചേവിന്റെ ഭരണകാലത്ത് രാജ്യം എതിര്‍ ദിശയിലേക്ക് പോയി എന്നാണ് 2021ല്‍ നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ 70 ശതമാനം റഷ്യക്കാരും പറഞ്ഞത്. അതിന് മുമ്പ് നടന്ന മറ്റൊരു സര്‍വേ ഏറ്റവും ജനപ്രീതിയില്ലാത്ത റഷ്യന്‍ നേതാവായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉയരുന്ന വിമര്‍ശനങ്ങളോട് ഗോര്‍ബച്ചേവ് മുഖം തിരിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ ചക്രവര്‍ത്തി എപ്പോഴും ചക്രവര്‍ത്തിയെ പോലെ പെരുമാറണം, പക്ഷെ അതെങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഒരിക്കല്‍ ഗോര്‍ബച്ചേവ് പറഞ്ഞത്.

യു.എസ്.എസ്.ആര്‍ തകര്‍ന്നതില്‍ ഖേദം പ്രകടിപ്പിച്ചും തന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുള്ളതുമായിരുന്നു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഗോര്‍ബച്ചേവിന്റെ അവസാന പ്രസംഗം. രാഷ്ട്രീയവും മതപരവുമായ സ്വാതന്ത്ര്യത്തിലുണ്ടായ ഉന്നമനം, ജനാധിപത്യത്തിന്റെയും, സാമ്പത്തിക ഉദാരവല്‍ക്കരണം, ശീത യുദ്ധത്തിന്റെ അവസാനം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗോര്‍ബച്ചേവ് കാലത്തിന് മുമ്പുണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ പ്രതാപകാലം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ഗോര്‍ബച്ചേവിന്റെ ബന്ധം ഒരിക്കലും സുഗമമായിരുന്നില്ല. 2016ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മൂന്നാമതും മത്സരിക്കാനുള്ള പുടിന്റെ തീരുമാനത്തെ ‘വികസനങ്ങള്‍ക്ക് തടസം’ എന്ന് പറഞ്ഞായിരുന്നു ഗോര്‍ബച്ചേവ് വിമര്‍ശിച്ചത്. രാജ്യത്തെ വലിയൊരു വിഭാഗത്താല്‍ വെറുക്കപ്പെടുമ്പോഴും, ഗോര്‍ബച്ചേവിനെ ആരാധിക്കുന്ന നിരവധി റഷ്യക്കാരുമുണ്ട്. റഷ്യയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടുന്ന പലരും സോവിയറ്റ് യൂണിയനിലെ ഗോര്‍ബച്ചേവിന്റെ പ്രതാപകാലത്തെ വിശേഷിപ്പിക്കുന്നത് റഷ്യയ്ക്കാര്‍ക്ക് ഏറ്റവും സ്വാതന്ത്ര്യമുണ്ടായിരുന്ന വര്‍ഷങ്ങളെന്നാണ്.

ഗോര്‍ബച്ചേവ് മികച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്നാണ് മുതിര്‍ന്ന റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മിഖായേല്‍ ഫിഷ്മാന്‍ പറയുന്നത്. 80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും റഷ്യ അനുഭവിച്ച സ്വാതന്ത്ര്യം അതിന് മുമ്പും പിന്നീടും ഉണ്ടായിട്ടില്ലെന്നും ഗോര്‍ബച്ചേവിന്റെ മരണ ശേഷം അദ്ദേഹം കുറിച്ചു. ‘ഗോര്‍ബച്ചേവ് നമുക്ക് സ്വാതന്ത്ര്യം തന്നു, പക്ഷെ അതുകൊണ്ട് എന്ത് ചെയ്യണമെന്ന് നമുക്ക് അറിയില്ലായിരുന്നു’ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ ലിബറല്‍ എക്കണോമിസ്റ്റുമായ റസ്ലന്‍ ഗ്രിന്‍ബെര്‍ഹ് ജൂണില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞത്. റഷ്യയിലെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് ഗോര്‍ബച്ചേവ് നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു.

1993ല്‍ തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാര തുകയിലെ ഒരു ഭാഗം ‘നൊവായ ഗസെറ്റ’ എന്ന പത്രം സ്ഥാപിക്കുന്നതിലേക്കുള്ള സഹായമായാണ് അദ്ദേഹം മാറ്റിവെച്ചത്. റഷ്യയുടെ ഇരുണ്ട അധ്യായങ്ങളില്‍ ചിലതിലേക്ക് വെളിച്ചം വീശിക്കൊണ്ട് രാജ്യത്ത് ഏറ്റവും പ്രശംസിക്കപ്പെട്ട സ്വതന്ത്ര പത്രമായി പിന്നീട് നൊവായ ഗസെറ്റ മാറി. ഇന്ന് പുലര്‍ച്ചെയായിരുന്നു റഷ്യന്‍ ഏജന്‍സികള്‍ ഗോര്‍ബച്ചേവിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍, ബോറിസ് ജോണ്‍സണ്‍, തുടങ്ങിയ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. റഷ്യയുടെ ഭാഗമായ പ്രിവേയ്‌ലിയില്‍ 1931 മാര്‍ച്ച് 2നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1946ല്‍ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളില്‍ അംഗത്വമെടുത്തു. 1952ല്‍ മോസ്‌കോ സേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആംഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക അഗത്വമെടുത്തു. 1955ല്‍ നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 1970ല്‍ പാര്‍ട്ടിയുടെ ആദ്യ റീജ്യണ്‍ സെക്രട്ടറിയായി ചുമതലയേറ്റു.

1971ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ അംഗമായി. 1978ല്‍ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1979ല്‍ പൊളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഗോര്‍ബച്ചേവിന് 1980ല്‍ അഗത്വം ലഭിച്ചു. 1985 മുതല്‍ 1991ല്‍ യുഎസ്എസ്ആര്‍ തകരുന്നതു വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കി ഇരുമ്പുമുറ ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിനും ഗോര്‍ബച്ചേവിന്റെ നടപടികള്‍ വഴിതെളിയിച്ചു. 1990ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഗോര്‍ബച്ചേവിന് ലഭിച്ചു.

1991 ഡിസംബര്‍ 25നാണ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. 1996ല്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഒരു ശതമാനം വോട്ടു പോലും നേടാനാകാതെയാണ് അദ്ദേഹം പരാജയപ്പെട്ടത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് മിഖായില്‍ സുസ്ലേവിന്റെ പങ്ക് വലുതായിരുന്നു. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യ രീതികള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയ അദ്ദേഹത്തിന് ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ 1999ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി ഗോര്‍ബച്ചേവിന്റെയും അന്ത്യ നിദ്ര.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments