എ.എസ് ശ്രീകുമാര്‍
കഴിഞ്ഞ രണ്ടുവര്‍ഷത്തെ കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്ക് ശേഷം വിശുദ്ധ കന്യക മറിയത്തിന്റെ ജനന പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിന് ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശ്വസ സാഗരത്തെ സാക്ഷി നിര്‍ത്തി ഇന്ന് കൊടിമരമുയര്‍ന്നു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും തുടര്‍ന്നുള്ള എട്ടുദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ചടങ്ങുകളില്‍ പ്രധാന കാര്‍മികരാവും.
ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണത്തില്‍ പങ്കെടുക്കുന്നതിനും മാതാവിന്റെ സ്വര്‍ഗീയ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ലക്ഷോപലക്ഷം ഭക്തജനങ്ങളാണ് മണര്‍കാട്ടേയ്ക്ക് വരും ദിവസങ്ങളില്‍ ഒഴുകിയെത്തുക. വിശ്വാസ സമൂഹം മനസും ശരീരവുമര്‍പ്പിച്ച് മുട്ടുകുത്തി നിന്ന ശുഭ മുഹൂര്‍ത്തത്തില്‍, അപേക്ഷകളും പ്രാര്‍ത്ഥനാ ഗീതങ്ങളും നിറഞ്ഞ ഭക്തിസ്രോതസ്സിന്റെ ചൈതന്യധന്യമായ അന്തരീക്ഷത്തിലാണ് എട്ടുനോമ്പാചരണത്തിന് കൊടി ഉയര്‍ന്നത്.
നിലം തൊടാതെ വെട്ടിയെടുത്ത കൊടിമരം പ്രാര്‍ത്ഥനയുടെ ആരവത്തോടെയും ആര്‍പ്പുവിളികളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയും എത്തിച്ച് കരോട്ടെ പള്ളിക്കും വലിയ പള്ളിക്കും മൂന്നു പ്രാവശ്യം വലം വെച്ചു. തുടര്‍ന്ന് ചെത്തി മിനുക്കി കുരിശു തറച്ച കൊടികള്‍ കെട്ടി പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ശേഷം വലിയ പള്ളിയുടെ മുന്നിലെ കല്‍ക്കുരിശിനു സമീപം ഉയര്‍ത്തി.
ദിവ്യദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായിട്ടുള്ള മലങ്കരയിലെ ഏക ദേവാലയമാണ് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍. എട്ടുനോമ്പിലെ പ്രധാന ചടങ്ങുകള്‍ ഇങ്ങനെയാണ്…ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്ര എന്നറിയപ്പെടുന്ന ഇവിടുത്തെ റാസ എല്ലാവര്‍ഷവും സെപ്റ്റംബര്‍ ആറാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കും.

മുത്തുക്കുടകളുടെയും സ്വര്‍ണം, വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന റാസയില്‍ പരിശുദ്ധ മാതാവിനോടുള്ള പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് പതിനായിരങ്ങള്‍ നടന്നു ഭക്ത്യാദരവേടെ നീങ്ങും. മുത്തുക്കുടയെടുത്ത് റാസയില്‍ പങ്കെടുക്കുന്നത് ഉദ്ദിഷ്ടകാര്യ സാധ്യത്തിനുള്ള വഴിപാടായി ഭക്തജനങ്ങള്‍ നെഞ്ചേറ്റുന്നു.
നടതുറക്കല്‍
സെപ്റ്റംബര്‍ ഏഴാം തീയതി ഉച്ചനമസ്‌കാര സമയത്താണ് ചരിത്രപ്രസിദ്ധമായ ഈ ചടങ്ങ് നടക്കുക. പ്രധാന മദ്ബഹായിലെ വി. ത്രോണോസില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തുറന്നുകൊടുക്കുക.
സമൂഹ വിവാഹം
എട്ടുനോമ്പിനോടനുബന്ധിച്ച് ജാതിമത ഭേദമെന്യേ നിര്‍ധനരായ എട്ടു യുവതീയുവാക്കളുടെ വിവാഹം നടത്തപ്പെടുന്നു. അക്രൈസ്തവരുടെയും ഇതരം ക്രിസ്തീയ സഭാംഗങ്ങളെയും വിവാഹം അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് നടക്കുകയും യാക്കോബാ സഭാംഗങ്ങളുടെ വിവാഹം ഈ ദൈവാലയത്തില്‍ വച്ച് സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ കാര്‍മ്മീകത്വത്തില്‍ നടത്തുകയും ചെയ്യുന്നു. എട്ടുനോമ്പിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് അവര്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യപ്പെടുന്നു.
നേര്‍ച്ച വിളമ്പ്
സെപ്റ്റംബര്‍ എട്ടാം തീയതി പകല്‍ രണ്ടുണിക്ക് നടക്കുന്ന പ്രദക്ഷിണവും ആശീര്‍വാദവും കഴിഞ്ഞാണ് പാച്ചോര്‍ നേര്‍ച്ച വിളമ്പ് നടക്കുക. ഓരോ വര്‍ഷവും 1500 പറ അരിയുടെ പാച്ചോറാണ് തയ്യാറാക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും നേര്‍ച്ച ലഭിക്കുവാനുള്ള സംവിധാനം പള്ളിക്കാര്യത്തില്‍ നിന്നും ചെയ്യുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ പരിപാടികള്‍ സമാപിക്കുന്നു.
പ്രധാന നേര്‍ച്ചകള്‍, വഴിപാടുകള്‍
വിശുദ്ധ കുര്‍ബ്ബാന (ഒറ്റ കുര്‍ബ്ബാന, മൂന്നിന്മേല്‍ കുര്‍ബ്ബാന, അഞ്ചിന്മേല്‍ കുര്‍ബ്ബാന, ഓര്‍മ്മ കുര്‍ബാന), വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, കുട്ടികളെ അടിമ വയ്ക്കല്‍, പിടിപ്പണം, ഉരുളു നേര്‍ച്ച (ശയന പ്രദക്ഷിണം), കര്‍ക്കുരിശിനും പള്ളിക്കും മുട്ടിന്മേല്‍ നീന്തല്‍, മുത്തുക്കുട, കൊടി നേര്‍ച്ച, സ്വര്‍ണം, വെള്ളി, കുരിശുകള്‍ നേര്‍ച്ച, എണ്ണ, മെഴുകുതിരി, കുന്തിരിക്കം നേര്‍ച്ച, ചുറ്റുവിളക്ക് കത്തിക്കല്‍, ആള്‍രൂപം, പാച്ചോര്‍ നേര്‍ച്ച, വാഹനങ്ങള്‍ ആശീര്‍വദിക്കല്‍.
മുഖ്യമായും അരിയും ശര്‍ക്കരും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന പാച്ചോര്‍, പെരുന്നാളിന്റെ എട്ടാം നാള്‍ നടക്കുന്ന ഒരു നേര്‍ച്ചയാണ്. അതുപോലെ എട്ടുനോമ്പ് കാലത്ത് ഉപവാസമിരിക്കുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേര്‍ച്ചകഞ്ഞി നല്‍കി വരുന്നു. കുട്ടികളെ മാതാവിന്റെ പക്കല്‍ കാഴ്ച വെച്ച് വിശുദ്ധയുടെ കരുതലിനു സമര്‍പ്പിക്കുന്ന നേര്‍ച്ചയെ അടിമ വയ്ക്കുക എന്ന് പറയുന്നു. യേശുവിനെ മാതാപിതാക്കള്‍ ദൈവാലയത്തില്‍ കാഴ്ച വച്ചതിന്റെ അനുസ്മരണമായി ഇതു കരുതപ്പെടുന്നു. ഇങ്ങനെ മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെ പ്രത്യേകതകള്‍ അനവധിയാണ്.
വിശുദ്ധ ദൈവമാതാവ് ഭൂമിയില്‍ ഇറങ്ങി അധിവസിച്ചിരിക്കുന്ന പുണ്യസ്ഥാനമാണ് മണര്‍കാട് പള്ളി. എട്ടുനോമ്പു കാലത്ത് മാത്രമല്ല വര്‍ഷം മുഴുവനായും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഈ ദേവാലയത്തിലേയ്ക്ക് എത്തുന്നത്. വിശുദ്ധിയുടെ മാതൃകയും വിനയത്തിന്റെ പര്യായവും സുകൃതങ്ങളുടെ കലവറയുമായ വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിച്ച് വ്രതശുദ്ധിയോടും അചഞ്ചല വിശ്വാസത്തോടും കൂടെ മണര്‍കാട് പള്ളിയില്‍ വന്നെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ച് സംതൃപ്തരായാണ് മടങ്ങാറുള്ളത്.
ശാസ്ത്രവും സാങ്കേതിക വിദ്യകളും ഗതിമുട്ടി നില്‍ക്കുന്നിടത്താണ് രോഗ പീഡകളില്‍ നിന്നും ജീവിത പ്രതിസന്ധികളില്‍ നിന്നും, പൈശാചിക ബന്ധനങ്ങളില്‍ നിന്നുമെല്ലാം വിശുദ്ധ ദൈവമാതാവിന്റെ മഹാകരുണയാല്‍ ആയിരങ്ങള്‍ ആശ്വാസതീരമണയുന്നത്. തീരാവ്യാധികള്‍ പിടിപെട്ട് സകല പ്രത്യാശയും നഷ്ടപ്പെട്ട അനേകര്‍ എട്ടുനോമ്പുകാലത്ത് ഈ ദേവാലയത്തില്‍ വന്ന് വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് പൂര്‍ണസൗഖ്യം പ്രാപിക്കുന്നു. ദേവാലയത്തിന്റെ ചരിത്ര പശ്ചാത്തലം ഇപ്രകാരമാണ്…
പ്രാചീന കേരളത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവര്‍ പട്ടണത്തില്‍, അതായത് ഇന്നത്തെ കൊടുങ്ങല്ലൂരില്‍ വളരെയധികം നസ്രാണികള്‍ ജീവിച്ചിരുന്നു. യഹൂദന്മാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വ്യാപാരകുത്തകയെ സംബന്ധിച്ചുണ്ടായ മത്സരങ്ങളില്‍ മഹാദേവര്‍ പട്ടണം അഗ്നിക്ക് ഇരയാകുകയും അവര്‍ നദീമുഖങ്ങളോട് അടുത്ത സ്ഥലങ്ങളിലേയ്ക്ക് കുടിയേറുകയും ചെയ്തു. കുടിയേറ്റക്കാരില്‍ ഒരു വിഭാഗം തിരുവഞ്ചൂര്‍, മണര്‍കാട്, മാലം, കുഴിപ്പുരയിടം, വെള്ളൂര്‍, പാമ്പാടി, തോട്ടയ്ക്കാട്, മീനടം, പുതുപ്പള്ളി, വാഴൂര്‍, അമയന്നൂര്‍ മുതലായ കരകളില്‍ താമസിക്കുകയും കൃഷി, വ്യാപാരം, മുതലായ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ചേരമന്‍ പെരുമാളിന്റെ നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്ന തെക്കും കൂറില്‍ മണര്‍കാട് പ്രദേശവും ഉള്‍പ്പെട്ടിരുന്നു. തെക്കുംകൂറിന്റെ തലസ്ഥാനങ്ങളില്‍ ഒന്ന് ചങ്ങനാശേരിയും ഒന്ന് കോട്ടയവും ആയിരുന്നു. തെക്കുംകൂറിന്റെ വിവിധ ശാഖളില്‍ ഒന്നായിരുന്ന ഇടത്തില്‍ തമ്പുരാക്കന്മാര്‍ ആണ് മണര്‍കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭരണം നടത്തിയിരുന്നത്. ഇഞ്ചയും, ചൂരലും, കുറുമുള്ളും പിടിച്ച് കാടായിക്കിടന്നിരുന്ന ഈ പ്രദേശം ഹിംസ്രജന്തുക്കളുടെ അധിവാസകേന്ദ്രമായിരുന്നു.
കുടിയേറ്റക്കാരില്‍ ഏതാണ്ട് 12 ഓളം ക്രിസ്ത്യാനിക്കുടുംബങ്ങള്‍ ഉണ്ടായിരുന്നു. കുടിയേറ്റ ക്രിസ്ത്യാനികള്‍ക്ക് ആരാധനയില്‍ സംബന്ധിക്കുന്നതിനും വി. കൂദാശകള്‍ അനുഷ്ഠിക്കുന്നതിനും ഒരു ദൈവാലയം ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെ പിതാക്കന്മാര്‍ ഒന്നിച്ചു കൂടി പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിച്ചുകൂട്ടുകയും തുടര്‍ച്ചയായി ഇങ്ങനെ ഏഴ് ദിവസം ആചരിച്ചപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഇതു സംബന്ധിച്ച് ദര്‍ശനം ഉണ്ടാവുകയും ചെയ്തു. മാനും മീനും എയ്യാവുന്നതും ഇഞ്ചയും ചൂരലും പടര്‍ന്നുകിടക്കുന്നതുമായ കാട്ടില്‍ വെളുത്ത പശുവും കിടാവും കിടക്കുന്നത് കാണുന്ന സ്ഥലത്ത് ദൈവാലയം പണിയുക. ഇതായിരുന്ന ദര്‍ശനം. ആ സ്ഥലത്ത് നിര്‍മിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണ് മണര്‍കാട് പള്ളി.
ദര്‍ശനത്തില്‍ കണ്ട പശുവിനെയും കിടാവിനെയും അന്വേഷിച്ച് ഇറങ്ങിയ പിതാക്കന്മാരുടെ സംഘം ഇപ്പോഴത്തെ വലിയപള്ളിയുടെ സ്ഥലത്ത് പശുവിനെയും കിടാവിനെയും കണ്ടെത്തി, ദര്‍ശനത്തിന്റെ പൊരുള്‍ മനസ്സിലാക്കിയ പിതാക്കന്മാര്‍ പശുവിനെയും കിടാവിനെയും കണ്ട സ്ഥലത്ത് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും നാമത്തില്‍ ദേവാലയം സ്ഥാപിച്ചു. അതേ തുടര്‍ന്ന് എല്ലാ വര്‍ഷവും വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ എട്ടുനോമ്പ് ആചരിച്ച് വരുന്നു. ആദ്യം മുളയിലും പരമ്പിലുമായി തീര്‍ത്ത ദൈവാലയം പിന്നീട് പല ഘട്ടങ്ങളില്‍ പുനരുദ്ധരിക്കുകയും പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട്. 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസ് രീതിയില്‍ പൊളിച്ചു പണിതു. ഇപ്പോള്‍ കാണുന്ന ദൈവലായത്തിന്റെ പണി പൂര്‍ത്തീകരിച്ചത് 1954ല്‍ ആണ്.
വളരെ പഴക്കമുള്ള രണ്ട് വാളുകള്‍ ഇപ്പോളും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ പള്ളിയുടെ സംരക്ഷണത്തിനായി രാജകൊട്ടാരത്തില്‍ നിന്നും നേരിട്ട് ഏല്പിച്ചിട്ടുള്ളവയാണെന്ന് പറയപ്പെടുന്നു. വി. ദൈവമാതാവിന്റെ നാമത്തില്‍ പ്രധാന ത്രോണോസ് മൂറോന്‍ അഭിഷേകം ചെയ്ത് സ്ഥാപിച്ചിരിക്കുന്ന ഈ ദൈവവാലയത്തിന്റെ ഇരുവശത്തുമുള്ള ത്രോണോസുകള്‍ വടക്കു വശത്തേത് വിശുദ്ധനായ ഇഗ്നാത്തിയോസ് നൂറോനയുടെ നാമത്തിലും തെക്കു വശത്തേത് വിശുദ്ധനായ കുറിയാക്കോസ് സഹദായുടെനാമത്തിലും സ്ഥാപിച്ചിരിക്കുന്നു. കോട്ടയം എന്ന അക്ഷരനഗരിക്കടുത്ത ഈ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഏവരും എത്തി പാപഭാരങ്ങള്‍ ഇറക്കി വച്ച് മാതാവിന്റെ അനുഗ്രഹം ആവോളം വാങ്ങിച്ച് പുതിയ മനസ്സും പുതിയ ശരീരവുമായി വീണ്ടും പ്രാര്‍ത്ഥനയുടെ സുപ്രഭാതത്തിലേയ്ക്കുണരുകയാണ്…