തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസും കമ്യൂണിസവും അപ്രസക്തമായതായും, താമര വിരിയുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം കഴക്കൂട്ടത്ത് സംഘടിപ്പിച്ച ‘പട്ടികജാതി സംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതിയെന്നും കേരളത്തില്‍ ബലിദാനം ചെയ്യാനുള്ള ധൈര്യം വേണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. കമ്യൂണിസത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഭാവിയുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. അതു ഓര്‍ത്തു വേണം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍.
ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവരുടെയും ദലിതരുടെയും സര്‍ക്കാരാണെന്ന് അധികാരമേറ്റപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോടിക്കണക്കിനു ദലിത് വിഭാഗക്കാര്‍ക്ക് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഇത്രയും പരിഗണന ലഭിച്ചിട്ടില്ല. മന്ത്രിസഭയിലടക്കം നിരവധി പട്ടിക വിഭാഗക്കാരെ നരേന്ദ്ര മോദി ഉള്‍പ്പെടുത്തി.
ബിജെപി സര്‍ക്കാരാണ് പട്ടികജാതിക്കാരനായ റാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത്. രണ്ടാമത് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ വികസനം നടക്കില്ലെന്ന് നരേന്ദ്ര മോദി വിശ്വസിക്കുന്നതായി അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസും കമ്യൂണിസ്റ്റും അധികാരത്തിലിരുന്നപ്പോള്‍ പട്ടിക ജാതിക്കാരെ വോട്ടിനായി ഉപയോഗിച്ചു. പട്ടികജാതിക്കാര്‍ക്കായി അവര്‍ എന്തു ചെയ്തു എന്നു വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.