Thursday, October 5, 2023

HomeMain Story96 വോട്ടുകളുമായി എ.എൻ.ഷംസീർ നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

96 വോട്ടുകളുമായി എ.എൻ.ഷംസീർ നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

spot_img
spot_img

തിരുവനന്തപുരം∙ സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ നിയമസഭയുടെ പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. യുഡിഎഫിൽനിന്ന് അൻവർ‌ സാദത്തായിരുന്നു സ്ഥാനാർഥി. എ.എൻ.ഷംസീറിന് 96 വോട്ടും അൻവർ‌ സാദത്തിന് 40 വോട്ടും ലഭിച്ചു.

ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തതായി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ഷംസീറിനെ സീറ്റിലേക്ക് ആനയിച്ചു. സഭയുടെ 24–ാം സ്പീക്കറാണ് ഷംസീർ.

നിയമസഭയുടെ പാരമ്പര്യത്തെ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ഷംസീറിനു കഴിയ‍ട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു. സഭയിലെ 31 അംഗങ്ങൾ 27നും 48നും ഇടയിൽ പ്രായമുള്ളവരാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘‘സഭയ്ക്കു പൊതുവിൽ യുവത്വം ഉണ്ടെന്ന് അർഥം. ചെറുപ്പക്കാരനായ ഒരാൾ സ്പീക്കറാകുമ്പോൾ സഭയുടെ സമസ്ത പ്രവർത്തന മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് പടരും. തലശേരി കലാപത്തിന്റെ ഘട്ടത്തില്‍ ആക്രമണത്തിനിരയായ കുടുംബത്തിൽനിന്നും വരുന്ന പ്രതിനിധിയായതിനാൽ മതനിരപേക്ഷതയുടെ മൂല്യം എന്ത് എന്നത് സ്വന്തം കുടുംബത്തിന്റെ അനുഭവത്തിൽനിന്ന് ഷംസീർ മനസ്സിലാക്കിയിട്ടുണ്ട്. ആ അനുഭവ പശ്ചാത്തലം പ്രവർത്തനങ്ങൾക്കുള്ള മൂലധനമായി മാറും’’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്പീക്കറായിരുന്ന എം.ബി.രാജേഷിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

എ.എൻ.ഷംസീറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അഭിനന്ദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സഭ സമ്മേളിക്കുന്നത് കേരളത്തിലാണെന്നും ഈ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഷംസീറിനു കഴിയട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.

തലശ്ശേരി എംഎൽഎയാണ് ഷംസീർ. രണ്ടാം തവണയാണ് മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗമാണ്. പ്രഫഷനൽ കോളജ്‌ പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ മർദനത്തിന് ഇരയാവുകയും 94 ദിവസം ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. 1999ൽ ധർമടം വെള്ളൊഴുക്കിൽവച്ച്‌ ആർഎസ്‌എസ്‌ അക്രമത്തിനിരയായി. മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദ രോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാൻ കൂടിയാണു ഷംസീർ.

1977 മേയ് 24ന് ഉസ്മാൻ കോമത്തിന്റെയും എ.എൻ.സെറീനയുടെയും മകനായി കോടിയേരിയിലാണു ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻ കോളജിൽനിന്നു ഫിലോസഫിയിൽ ബിരുദവും കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട്‌ ക്യാംപസിൽനിന്നു നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്‌. 2014ൽ ലോക്സഭയിലേക്കു വടകരയിൽനിന്നു മത്സരിച്ചെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രനോടു തോറ്റു. 2016ൽ എ.പി.അബ്ദുല്ലക്കുട്ടിയെ തോൽപിച്ച് തലശ്ശേരിയിൽനിന്നു നിയമസഭയിലെത്തി. 2021ൽ എം.പി. അരവിന്ദാക്ഷനെ തോൽപിച്ചാണ് രണ്ടാം ജയം. ഭാര്യ: ഡോ. പി.എം.സഹല. മകൻ: ഇസാൻ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments