Sunday, October 2, 2022

HomeMain Storyകെ.പി.സി.സി പ്രസിഡന്റ് ഇലക്ഷന്‍ 15ന്, സ്ഥാനം നിലനിര്‍ത്താന്‍ സുധാകരന്റെ പയറ്റ്‌

കെ.പി.സി.സി പ്രസിഡന്റ് ഇലക്ഷന്‍ 15ന്, സ്ഥാനം നിലനിര്‍ത്താന്‍ സുധാകരന്റെ പയറ്റ്‌

spot_img
spot_img

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ സെപ്റ്റംബര്‍ 15-ാം തീയതി വ്യാഴാഴ്ച്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കും. ജി പരമേശ്വരയ്യയെ തെരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസറായി എ.ഐ.സി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പോടെ കെ സുധാകരന്റെ അദ്ധ്യക്ഷ പദവിയിലെ കാലാവധി കഴിഞ്ഞു.

ആസ്ഥാനമായ ഇന്ദിരാഭവനില്‍ വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കെ.പി.സി.സി ജനറല്‍ ബോഡി യോഗം ചേരും. ആദ്യ അജണ്ടയായി പി.സി.സി അദ്ധ്യക്ഷന്റേയും ഭാരവാഹികളുടേയും എക്സിക്യൂട്ടീവ് അംഗങ്ങളുടേയും തെരഞ്ഞെടുപ്പുകള്‍ നടക്കും. എ.ഐ.സി.സി അംഗങ്ങളെ തെരഞ്ഞെടുക്കലാണ് രണ്ടാമത്തെ അജണ്ട. മൂന്നാമതായാകും കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ തെരഞ്ഞെടുക്കുക.

അതേസമയം കെ.പി.സി.സി അദ്ധ്യക്ഷനേയും ഭാരവാഹികളേയും തെരഞ്ഞെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസില്‍ തിരക്കിട്ട ഗ്രൂപ്പ് സമവാക്യ ചര്‍ച്ചകള്‍. സമവായത്തിലൂടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പദവി നിലനിര്‍ത്താന്‍ കെ സുധാകരന്‍ ചരട് വലി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

സ്ഥാനമേറ്റ സമയത്ത് കെ സുധാകരന് ലഭിച്ച പിന്തുണ പാര്‍ട്ടിക്കകത്ത് ഇപ്പോഴില്ല. ഗ്രൂപ്പ് അതീത രാഷ്ട്രീയത്തിന്റെ വക്താവായി എത്തിയ സുധാകരന് പക്ഷെ, ഇപ്പോള്‍ അദ്ധ്യക്ഷ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ കൂടിയേ തീരൂ. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം എ.ഐ.സി.സി നേരിട്ടാണ് കെ സുധാകരനെ അദ്ധ്യക്ഷനായി ചുമതലയേല്‍പിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കെ.പി.സി.സി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. തര്‍ക്കം ഇല്ലാതെ അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചാല്‍ സുധാകരന് പദവിയില്‍ തുടരാം. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ വിഭാഗത്തിന് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്.

തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നേതൃത്വം പരാജയമാണെന്ന് ചിന്തന്‍ ശിബിരത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ സുധാകരനെ ഏകകണ്ഠേന തെരഞ്ഞെടുക്കുക അത്ര എളുപ്പമാകില്ല. കെ.പി.സി.സി അധ്യക്ഷന്‍ ഭാരവാഹികള്‍ അംഗങ്ങള്‍, എ.ഐ.സി.സി അംഗങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയാണ് മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുക്കേണ്ടത്.

അധ്യക്ഷന്‍ ഉള്‍പ്പെടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരം എ.ഐ.സി.സി അദ്ധ്യക്ഷയ്ക്ക് നല്‍കുന്നതാണ് പതിവ്. വയലാര്‍ രവിയാണ് അധ്യക്ഷ പദവിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പിലൂടെ എത്തിയത്. ലീഡറുടെ പ്രഭാവ കാലത്ത് എ.കെ ആന്റണിയെ തോല്‍പ്പിച്ചാണ് വയലാര്‍ അധ്യക്ഷനായത്. തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ ഒറ്റവരി പ്രമേയം പാസാക്കി പിരിയാനാകും നേതാക്കള്‍ ശ്രമിക്കുക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments