മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുനേരെ വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. ജനറല്‍ ജിവിആര്‍ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ക്ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എപ്പോഴാണ് വധശ്രമം നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുട്ടിന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍പില്‍ ഇടതുഭാഗത്തെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനത്തിനു മുന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നെങ്കിലും, വാഹനം അതിവേഗം സുരക്ഷിതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍ പുട്ടിന് പരുക്കേറ്റില്ലെന്നാണ് വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. പുട്ടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് ടയര്‍ പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
റഷ്യ-യുക്രൈന്‍ യുദ്ധംആരംഭിച്ചതിന് പിന്നാലെ പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവനു ഭീഷണിയുള്ളതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കുറഞ്ഞത് അഞ്ച് തവണയെങ്കിലും വധശ്രമത്തെ അതിജീവിച്ചതായി പുട്ടിന്‍ 2017ല്‍ വെളിപ്പെടുത്തിയിരുന്നു. യുക്രൈന്‍ യുദ്ധത്തിലെ തിരിച്ചടികളുടെ പേരില്‍ പുട്ടിനെതിരെ റഷ്യയില്‍ത്തന്നെ നീക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് വധശ്രമം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍.
പുട്ടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അധികാരത്തില്‍നിന്ന് നീക്കണമെന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള ഒരു കൂട്ടം രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ സംഭവിച്ച നഷ്ടങ്ങളും അതിന്റെ ഫലമായി പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതും ചൂണ്ടിക്കാട്ടിയാണ് പുട്ടിനെതിരെ ഇവര്‍ രംഗത്തെത്തിയത്.