Sunday, October 2, 2022

HomeMain Storyരാജ്ഞിക്ക് ബ്രിട്ടന്‍ ഇന്നു വിടചൊല്ലും, ലോക നേതാക്കള്‍ ലണ്ടനിലെത്തി

രാജ്ഞിക്ക് ബ്രിട്ടന്‍ ഇന്നു വിടചൊല്ലും, ലോക നേതാക്കള്‍ ലണ്ടനിലെത്തി

spot_img
spot_img

ലണ്ടന്‍: പത്തുദിവസത്തെ ദുഃഖാചരണത്തിനുശേഷം എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടന്‍ തിങ്കളാഴ്ച വിടനല്‍കും. രാജ്ഞിയുടെ വിവാഹവും കിരീടധാരണവും നടന്ന ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ പ്രാദേശിക സമയം 11-നാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നര) സംസ്‌കാരച്ചടങ്ങുകള്‍. 500 രാഷ്ട്രനേതാക്കളുള്‍പ്പെടെ 2000 പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇത്രയേറെ രാഷ്ട്രനേതാക്കള്‍ ഒന്നിച്ചെത്തുന്നതിനാല്‍ അതിസുരക്ഷയിലാണ് ലണ്ടന്‍.

ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യയെ പ്രതിനിധാനം ചെയ്യാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവര്‍ ലണ്ടനിലെത്തി. ഞായറാഴ്ച ലണ്ടനിലെ ലങ്കാസ്റ്റര്‍ ഹൗസിലെ അനുശോചന പുസ്തകത്തില്‍ അവര്‍ ഒപ്പുവെച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തി രാജ്ഞിക്ക് ആദരമര്‍പ്പിച്ചു. രാജ്ഞിയുടെ ഇടക്കാല വസതിയായിരുന്ന ലണ്ടനിലെ വിന്‍സര്‍ കൊട്ടാരത്തിലുള്ള ജോര്‍ജ് ആറാമന്‍ സ്മാരക ചാപ്പലാണ് അന്ത്യവിശ്രമസ്ഥലം.

പാര്‍ലമെന്റിന്റെ ഭാഗമായ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നാലുദിവസമായി പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന മൃതദേഹത്തില്‍ വിവിധ നേതാക്കളും ലക്ഷക്കണക്കിനു നാട്ടുകാരും ആദരമര്‍പ്പിച്ചു. പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ ആറരവരെ പൊതുജനങ്ങള്‍ക്ക് ഇവിടെയെത്തി ആദരമര്‍പ്പിക്കാം.

10.44-ന് നാവികസേനയുടെ ഗണ്‍ കാര്യേജില്‍ മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കു കൊണ്ടുപോകും. ഇവിടത്തെ പ്രാര്‍ഥനകള്‍ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ ആബി ഡീന്‍ ഡോ. ഡേവിഡ് ഡോയ്ല്‍ നേതൃത്വം നല്‍കും. പ്രധാനമന്ത്രി ലിസ് ട്രസും കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ ബാരണസ് പട്രീഷ്യ സ്‌കോട്ലന്‍ഡും സുവിശേഷം വായിക്കും. ചടങ്ങുകള്‍ക്കുശേഷം രണ്ടുമിനിറ്റ് രാജ്യം മൗനമാചരിക്കും. ബ്രിട്ടനില്‍ പൊതു അവധിയാണ് തിങ്കളാഴ്ച.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍നിന്ന് ലണ്ടന്‍ ചുറ്റിയുള്ള വിലാപയാത്ര വൈകീട്ട് നാലോടെ വിന്‍സര്‍ കൊട്ടാരത്തിലെത്തും. ഈ കൊട്ടാരമായിരുന്നു കോവിഡ്കാലത്ത് രാജ്ഞിയുടെ സ്ഥിരവസതി. ഇവിടത്തെ സെയ്ന്റ് ജോര്‍ജ് ചാപ്പലില്‍ പ്രാര്‍ഥന. ഇതുവരെയുള്ള ചടങ്ങുകള്‍ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇതിനായി ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

രാത്രി ഏഴരയോടെ സ്വകാര്യചടങ്ങായാണ് സംസ്‌കാരം. സെയ്ന്റ് ജോര്‍ജ് ചാപ്പലിനുള്ളിലുള്ള കിങ് ജോര്‍ജ് ആറാമന്‍ സ്മാരക ചാപ്പലില്‍ അച്ഛനമ്മമാര്‍ക്കും സഹോദരിക്കുമരികില്‍ എലിസബത്ത് രാജ്ഞിയും അന്ത്യവിശ്രമം കൊള്ളും. ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവും ഇതിനടുത്തായി സംസ്‌കരിക്കും. രാജ്ഞിയുടെ മരണശേഷം അവര്‍ക്കടുത്തായി തന്നെയും അടക്കണമെന്ന ഫിലിപ്പിന്റെ ആഗ്രഹം നിറവേറ്റാന്‍ അദ്ദേഹത്തിന്റെ മൃതദേഹപേടകം ചാപ്പലില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 500 ലോകനേതാക്കളില്‍ ഒമ്പതു രാഷ്ട്രങ്ങളില്‍നിന്നുള്ളവരില്ല. റഷ്യ, ഇറാന്‍, നിക്കരാഗ്വ, ഉത്തരകൊറിയ, ബെലാറസ്, അഫ്ഗാനിസ്താന്‍, സിറിയ, മ്യാന്‍മാര്‍, വെനസ്വേല എന്നീ രാജ്യങ്ങളുടെ നേതാക്കളെയാണ് ക്ഷണിക്കാത്തത്. ചടങ്ങിനെത്തിയ ലോകനേതാക്കളെ ഞായറാഴ്ച വൈകീട്ട് ചാള്‍സ് മൂന്നാമന്‍ രാജാവ് ബക്കിങാം കൊട്ടാരത്തില്‍ സ്വീകരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments