Friday, April 19, 2024

HomeMain Storyപഞ്ചനക്ഷത്ര സുഖസൗകര്യങ്ങളില്‍ വാഴ്ച; ഗവര്‍ണര്‍ പദവി അനാവശ്യമെന്ന് സി.പി.ഐ

പഞ്ചനക്ഷത്ര സുഖസൗകര്യങ്ങളില്‍ വാഴ്ച; ഗവര്‍ണര്‍ പദവി അനാവശ്യമെന്ന് സി.പി.ഐ

spot_img
spot_img

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് മുറുകുന്നതിനിടെ ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ മുഖപത്രമായ ജനയുഗം. സംസ്ഥാന ഭരണത്തെ സഹായിക്കുന്നതിനുള്ളത് എന്ന പേരില്‍ നിര്‍വചിക്കപ്പെട്ട ഗവര്‍ണര്‍ പദവി പലപ്പോഴും സര്‍ക്കാരുകള്‍ക്കുമേല്‍ ഭരണഘടനാനുസൃതമല്ലാത്ത നിയന്ത്രണങ്ങളോ സ്വാധീനമോ ചെലുത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റിയതിന് മുന്‍കാല അനുഭവങ്ങള്‍ ധാരാളമുണ്ടെന്നും ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷം അത് കൂടുതല്‍ ശക്തമായെന്നുമാണ് മുഖപ്രസംഗത്തില്‍ ജനയുഗം ചൂണ്ടിക്കാണിക്കുന്നത്.

ഗവര്‍ണര്‍ എന്ന പദവി അനാവശ്യമാണെന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പല അന്വേഷണ കമ്മിഷനുകളും ഭരണ പരിഷ്‌കാര സമിതികളും മുന്നോട്ടുവച്ചിരുന്നതാണെന്നും പാര്‍ട്ടി പത്രം ചൂണ്ടിക്കാണിക്കുന്നു. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന പല നടപടികളും ആ പദവിക്കു (അനാവശ്യമായതെങ്കിലും) ഒട്ടും യോജിച്ചതല്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്.

കേരളമാകെ അദ്ദേഹത്തിന്റെ നിലപാടുകളിലെ സത്യസന്ധതയില്ലായ്മ തിരിച്ചറിയുകയും വിശ്വാസ്യത ചോദ്യം ചെയ്തിരുന്നതുമാണ്. എങ്കിലും അദ്ദേഹം വീണ്ടുമത് മനോനില തെറ്റിയവരെപ്പോലെ ആവര്‍ത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും മുഖപ്രസംഗം പറയുന്നു.

പരിപാവനമെന്ന് പലരും കരുതുന്ന സംസ്ഥാന രാജ്ഭവനെ ‘ഗുണ്ടാരാജ്ഭവനാ’ക്കിയതുപോലെയാണ് ഇന്നലെ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനം വീക്ഷിക്കുന്ന സാധാരണക്കാര്‍ക്ക് തോന്നിയിരിക്കുക. അവിടെ അദ്ദേഹം, ചില ചെലവുകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്ന പരാമര്‍ശവും നടത്തുകയുണ്ടായി. അത് അദ്ദേഹം പറയുന്നത് ഏറ്റവും വലിയ ധൂര്‍ത്താണെന്ന് പൊതു അഭിപ്രായമുള്ള ഗവര്‍ണര്‍ പദവിയിലും രാജ്ഭവനെന്ന കെട്ടിടത്തിലുമിരുന്നാണെന്നത് വൈരുധ്യമാണ്

രാജ്ഭവന്റെയും ഗവര്‍ണര്‍ പദവിയുടെയും ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്‌സൈറ്റില്‍ കേരള രാജ്ഭവന്‍ എന്ന് സര്‍ച്ച് ചെയ്ത് അതിലേക്ക് കടന്നുനോക്കണം. തലസ്ഥാന നഗരത്തിലെ കണ്ണായ പ്രദേശത്ത് 35 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് അത്യാഡംബരപൂര്‍വം പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളും വാസസ്ഥലങ്ങളുമാണ് ഗവര്‍ണര്‍ എന്ന പദവിയിലിരിക്കുന്ന വ്യക്തിക്കായി സ്ഥിതി ചെയ്യുന്നത്.

ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ വലുപ്പം 22,000 ചതുരശ്ര അടിയാണ്. ഇതിനു പുറമേ അടുക്കളയും ഭക്ഷണശാലയുമടക്കം 18 സ്യൂട്ടുകളടങ്ങിയ കെട്ടിടമാണ് താമസിക്കുന്നതിനുള്ളത്. പേഴ്‌സണല്‍ സ്റ്റാഫിന് താമസിക്കുന്നതിന് വീടുകളും മുറികളും വേറെയും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള വീടുകള്‍ പ്രത്യേകമായുണ്ടെന്നും സി പി ഐ പാര്‍ട്ടി പത്രം ചൂണ്ടിക്കാട്ടുന്നു.

ഒരാളും കുടുംബവും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും അടങ്ങുന്ന ഗവര്‍ണറെന്ന പദവിക്കുവേണ്ടിയുള്ള ഈ സംവിധാനങ്ങള്‍ക്കായി മാത്രം ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്നത്. ഇതിനു പുറമേ രാജ്ഭവനില്‍ നിലവിലുള്ള ജീവനക്കാരുടെ വേതനമായി കോടികള്‍ വേറെയും ചെലവഴിക്കുന്നു.

ഇതെല്ലാം അനാവശ്യമാണെങ്കിലും തുടരുകയാണ്. കാലഹരണപ്പെട്ട തസ്തികകളില്‍പോലും ജീവനക്കാരെ നിലനിര്‍ത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്യുന്ന ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുന്നത്. കുറഞ്ഞത് അക്കാര്യങ്ങളിലെങ്കിലും പറയുന്ന വാക്കിനോട് നീതി പുലര്‍ത്തുവാന്‍ സന്നദ്ധമാകാതെ പുലഭ്യം വിളിച്ചുപറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടി ഗവര്‍ണര്‍ക്ക് തീരെ യോജിച്ചതല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments