Tuesday, September 27, 2022

HomeMain Storyരൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഡോളറിനെതിരെ 81 കടന്നു

രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഡോളറിനെതിരെ 81 കടന്നു

spot_img
spot_img

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ആദ്യമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81 കടന്നു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ്, രൂപയുടെ മൂല്യം 81 കടന്നത്. 81.18 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 80.86 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.

15 വര്‍ഷം മുമ്പ്, രൂപയുടെ വിനിമയ നിരക്ക് ഒരു ഡോളറിന് ഏകദേശം 40 രൂപ ആയിരുന്നു. അതുകൊണ്ടു തന്നെ പലരും വിദേശ പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് കൂടുതലായി ചേക്കാറാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍. യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും 75 ബേസിസ് പോയിന്റ് വര്‍ദ്ധന നല്‍കുകയും 2023-ല്‍ ഇത് 4.63 ശതമാനത്തിലെത്തുമെന്ന് വിലയിരുത്തുകയും ചെയ്തതിന് ശേഷമാണ് ആഗോള വിപണിയില്‍ മറ്റ് കറന്‍സികള്‍ക്ക് ഇടിവ് നേരിട്ടത്. ഏഷ്യന്‍ കറന്‍സികള്‍ എല്ലാം തന്നെ ഇടിവ് നേരിടുകയാണ്. ചൈനീസ് കറന്‍സിയായ യുവാന്‍ ഡോളര്‍ ഒന്നിന് 7.10 യ്ക്കും താഴെയെത്തയിരിയ്ക്കുകയാണ്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് കൈക്കൊള്ളുന്ന കര്‍ശന നടപടികള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യം കുറയ്ക്കുകയാണ്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് യു.എസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ കഴിഞ്ഞ മാസം നല്‍കിയിരുന്നു.

യുഎസ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അത് ഉയര്‍ത്തി നിലനിര്‍ത്താനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു എസ് നടപടികള്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളെ ഇപ്പോള്‍ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി ഡോളറുമായി തുലനം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറഞ്ഞു തന്നെയാണ് നില കൊള്ളുന്നത്. വിപണി അവലോകനം അനുസരിച്ച് ഹ്രസ്വകാലത്തേയ്‌ക്കെങ്കിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരാനാണ് സാധ്യത. റഷ്യ ഉക്രെയ്ന്‍ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും രൂപ വീണ്ടും പൂര്‍വ്വ സ്ഥിതിയിലകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments