ന്യൂഡല്‍ഹി: അമിതവേഗത്തിലെത്തിയ പൊലീസ് പട്രോള്‍ കാറിടിച്ച് യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമാശ പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണത്തിനും നടപടിക്കുമായി സിയാറ്റില്‍-വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ പ്രാദേശിക അധികാരികളോടും വാഷിംഗ്ടണ്‍ ഡിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ശക്തമായി ആവശ്യപ്പെട്ടതായി ട്വിറ്ററില്‍ ഇന്ത്യന്‍ കോണ്‍സു?ലേറ്റ് അറിയിച്ചു.
തിങ്കളാഴ്ചയാണ് സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വീഡിയോ പുറത്തുവിട്ടത്. സിയാറ്റില്‍ പോലീസ് ഓഫിസറായ ഗില്‍ഡ് ഡാനിയല്‍ ഓഡററുമായുള്ള സംസാരത്തിനിടെയാണ് 11000 ഡോളറിന്റെ ചെക്ക് ഏഴുതിവെക്കൂ എന്ന് പറയുന്നത്. ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവ് ഓടിച്ച പോലീസ് വാഹനം ഇടിച്ച് ജനുവരിയിലാണ് ആന്ധ്രസ്വദേശിനി ജാഹ്നവി കണ്ടൂല (23) കൊല്ലപ്പെട്ടത്. കുറഞ്ഞ മൂല്യമേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ എന്നും പൊലീസ് പറയുന്നുണ്ട്. അപകടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ മറ്റൊരു പോലീസുകാരന്‍ തമാശ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.
തുടര്‍ന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പൊലീസിനെതിരെ രംഗത്തു വരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ കണ്ടൂല സിയാറ്റിലിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.