കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർ.ജി.കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ്ച്ചഒ) അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്.
മുൻ പ്രിൻസിപ്പലും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണു സിബിഐയുടെ കണ്ടെത്തൽ. സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്താതെ മടങ്ങിയതിനു മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. ചർച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെയാണു ഡോക്ടർമാർ ചർച്ച നടത്താതെ മടങ്ങിയത്.
മെഡിക്കൽ കോളജിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു സന്ദീപ് ഘോഷിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് തെളിവ് നശിപ്പിക്കലിനും അറസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ ആർ.ജി.കർ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്നു സന്ദീപ് ഘോഷ്. 2023 ഒക്ടോബറിൽ സ്ഥലം മാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരികെ ഇതേ മെഡിക്കൽ കോളജിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടർന്നു.