ന്യൂഡല്‍ഹി: രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി പദവി ഒഴിയുമെന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പാണ് ജാമ്യം കിട്ടി കേജരിവാള്‍ പുറത്തുവന്നത്.
. രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞ അരവിന്ദ് കെജരിവാള്‍, വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അറിയിച്ചു. ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപനം നടത്തിയത്. രാജിവെയ്ക്കരുതെന്ന് അണികള്‍ കെജരിവാളിനോട് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
‘രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കും, ജനവിധി വരുന്നത് വരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ബാക്കിയുണ്ട്. കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിച്ചു. ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കണം. ജനങ്ങളുടെ തീരുമാനത്തിന് ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കൂ,’- കെജരിവാള്‍ പറഞ്ഞു.
കെജരിവാള്‍ രാജിവെച്ചശേഷം പാര്‍ട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് പുതിയയാള്‍ മുഖ്യമന്ത്രിയായി തുടരുക. കെജരിവാള്‍ ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുമെന്ന് കരുതുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ്, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനൊപ്പം നവംബറില്‍ നടത്തണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ എംഎല്‍എമാരുടെ യോഗം ചേരും. ആ യോഗത്തില്‍ വെച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.