Saturday, April 20, 2024

HomeNewsKeralaകേരളത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കി, ജാതി സര്‍ട്ടിഫിക്കറ്റിലും ഇളവ്‌

കേരളത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കി, ജാതി സര്‍ട്ടിഫിക്കറ്റിലും ഇളവ്‌

spot_img
spot_img

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോം ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിക്കും. വ്യാപാര, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.

പൗരന്മാര്‍ക്കു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ /സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചു. അപേക്ഷകളില്‍ അനുമതി നല്‍കാനുള്ള നടപടികളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമേയാണിത്.

ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിഷ്കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ഇനി മുതല്‍ രേഖപ്പെടുത്തില്ല.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥനോ നോട്ടറിയോ ഇനി സാക്ഷ്യപ്പെടുത്തേണ്ട. ഇതിന്റെ പകര്‍പ്പില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.

സാമ്പത്തിക പിന്നാക്കാവസ്ഥ (ഇഡബ്ല്യുഎസ്) സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ്, പട്ടിക വിഭാഗക്കാര്‍ക്കു നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കു നിലവിലുള്ള രീതി തുടരും. സേവനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അപേക്ഷകന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫിസര്‍ / തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാന രേഖയായി പരിഗണിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ്എസ്എല്‍സി ബുക്ക് / വിദ്യാഭ്യാസരേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ / വിദ്യാഭ്യാസരേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് റജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താല്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്കര്‍ഷിക്കും. വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments