തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതിന് ട്രോളിനിരയായ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരണവുമായി രംഗത്ത്. തനിക്ക് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അതെന്നും അതിനെ ആക്ഷേപിച്ച് ആശ്വാസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.
എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചുകൊണ്ടും പല രൂപത്തില്‍ ചിത്രീകരിക്കുകയും ചെയ്യുന്ന നിലയുമുണ്ട്.
പ്രത്യേകിച്ച് ബിജെപിക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ട് അവര്‍ക്ക് ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. എനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടില്ല. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതിലെ വാശിയും വൈരാഗ്യവും ബിജെപിക്കാര്‍ക്കുണ്ടെന്നും വി.ശിവന്‍കുട്ടി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രിക്ക് അമളി പറ്റിയത്. സ്കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. പിന്നീട് ഇത് ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിയുടെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ മഴയായി മാറി. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടേയും പട്ടിക നല്‍കി കൊണ്ടാണ് ശിവന്‍കുട്ടിയെ പരിഹസിച്ചത്. ഇത് സംബന്ധിച്ചാണ് മന്ത്രി ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.