കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ദയാസിന്ധു ശ്രീഹരി, മുതിര്‍ന്ന അഭിഭാഷകന്‍ എസ്.മനു, കോഫെപോസ ഡയറക്ടര്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം.
സ്വപ്നയുടെ കോഫെപോസ തടവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സമിതിയുടെ അപ്പീല്‍ ശുപാര്‍ശ ഇതിനകം കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറി. പൂജവയ്പ് അവധിക്കു ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഇന്നലെയാണ് സ്വപ്നയുടെ കോഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ച്ചയായി കള്ളക്കടത്ത് ഇടപാടുകള്‍ നടത്തുന്നവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നിയമം സ്വപ്നയ്ക്ക് ബാധകമാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നേരത്തേ സമാന കേസ് ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.
കോഫെപോസ തടവു കാലാവധി അവസാനിച്ചാലും എന്‍ഐഎ കേസിലുള്ള ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനാല്‍ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല. ഈ മാസം 26ന് എന്‍ഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ എന്‍ഐഎ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സ്വപ്ന പുറത്തിറങ്ങും.
ഇത് ഒഴിവാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ കൊണ്ടുപിടിച്ചുള്ള ശ്രമം. ഹൈക്കോടതി എന്‍ഐഎ കേസ് പരിഗണിക്കുന്നതിനു മുന്‍പു സുപ്രീം കോടതിയില്‍നിന്ന് സ്വപ്ന സുരേഷിന് എതിരായ കോഫെപോസ അപ്പീലില്‍ അനുകൂല വിധി സമ്പാദിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.