പി.പി. ചെറിയാന്‍
അയോവ : പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദര്‍ശിക്കുന്ന ട്രംപിന് ആവേശോജ്വലമായ സീകരണം. ട്രംപിന്റെ തിരിച്ചു വരവു പ്രഖ്യാപിക്കുന്ന റാലി ഒക്ടോബര്‍ 9 ശനിയാഴ്ച വൈകിട്ട് അയോവയില്‍ സംഘടിപ്പിച്ചു.
ഫെയര്‍ ഗൗണില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, അമേരിക്ക തിരിച്ചു പിടിക്കാന്‍ നാം തയാറായി കഴിഞ്ഞതായും 2022ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അയോവയില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
10 മിനിട്ട് നീണ്ടു നിന്ന പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ്. പരിപൂര്‍ണ്ണ നാശത്തിന്റെ അതിര്‍ വരമ്പില്‍ അമേരിക്ക എത്തി നില്‍ക്കുകയാണ്. ഇതിനുത്തരവാദി ബൈഡന്‍ അല്ലാതെ ആരുമല്ല. ട്രംപ് പറഞ്ഞു.
കോവിഡ് 19 മഹാമാരി , അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, തിരക്കുപിടിച്ച് സ്വീകരിച്ച ചില ആഭ്യന്തര നിയമ നിര്‍മ്മാണം എന്നിവ അമേരിക്കയുടെ യശസ്സ് തകര്‍ത്തിരിക്കുകയാണെന്നു ട്രംപ് ആരോപിച്ചു. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും ബൈഡന്‍ പരാജയപ്പെട്ടു. ട്രംപ് പറഞ്ഞു.
വൈകിട്ട് 5.30 ന് ഫെയര്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന ട്രംപിനെ മുതിര്‍ന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ ചേര്‍ന്നു സ്വീകരിച്ചു. അയോവയില്‍ ട്രംപിന്റെ ജനസമ്മിതി 53 ശതമാനമായി ഉയര്‍ന്നപ്പോള്‍ ബൈഡന് 31 ശതമാനം മാത്രമാണുള്ളത്.
ട്രംപിന്റെ 2024ലെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനുള്ള അടവുകളാണ് ട്രംപ് ഇപ്പോള്‍ പയറ്റുന്നത്.