കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ ദിവസം ആ വിവരം ട്രാഫിക് ഐജി ജി.ലക്ഷ്മണിനെ അറിയിച്ചത് പ്രതിയുടെ മുന്‍ കൂട്ടാളി അനിത പുല്ലയില്‍. ഇരുവരും തമ്മില്‍ വാട്‌സാപില്‍ നടത്തിയ ചാറ്റിന്റെ, പുല്ലയിലിന്റെ ഫോണില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നു.
ലക്ഷ്മണ്‍ അയച്ച സന്ദേശങ്ങള്‍ വായിച്ച ശേഷം ഉടന്‍ തന്നെ ഡിലീറ്റ് ചെയ്ത നിലയിലാണുള്ളത്. മോന്‍സന്‍ മാവുങ്കലിനായി പലപ്പോഴും ഇടപെട്ടതായി ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫിസര്‍ ജി. ലക്ഷ്മണ്‍.
മോന്‍സന്‍ അറസ്റ്റിലായതിനും കരുതിയിരിക്കാന്‍ നിര്‍ദേശിച്ചതിനും ലക്ഷ്മണ്‍ അനിതയ്ക്കു നന്ദിയും ചാറ്റില്‍ അറിയിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ വിശദമായി അടുത്ത ദിവസം പറയാമെന്നു ലക്ഷ്മണിനോട് അനിത പറയുന്നു.
മോന്‍സന്റെ കൂട്ടാളിയായ നിധി ആള്‍ക്കാരെ കുരുക്കുന്ന തട്ടിപ്പുകാരിയാണെന്നും അനിത ഐജിയോടു സൂചിപ്പിക്കുന്നുണ്ട്. മോന്‍സന്‍ അറസ്റ്റിലായ സെപ്റ്റംബര്‍ 25 നും 26 നും വാട്‌സാപ് സന്ദേശങ്ങളാണ് പുറത്തു വന്നത്.
സാമ്പത്തിക തട്ടിപ്പില്‍ പരാതി വന്നപ്പോള്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നു ചേര്‍ത്തല എസ്എച്ച്ഒയ്ക്കു കൈമാറാന്‍ ലക്ഷ്മണ്‍ ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ആറരക്കോടിയുടെ തട്ടിപ്പിലായിരുന്നു ഇത്. ഇതിനായി ലക്ഷ്മണ്‍ അയച്ച ഇമെയില്‍ വിവരങ്ങള്‍ മോന്‍സന്‍ തന്നെ പരാതിക്കാര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതിനിടെ ഇപ്പോള്‍ വിദേശത്തുള്ള അനിത പുല്ലയിലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.
അതേസമയം രണ്ടു വര്‍ഷം മുമ്പ് ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ തട്ടിപ്പിന്റെ കാര്യം തന്നോടു പറഞ്ഞിരുന്നതായി അനിത പുല്ലയില്‍ ഈ ചാറ്റുകളില്‍ ഐജിയോട് പറയുന്നുണ്ട്.
