ബംഗളൂരു: കര്‍ണാടകയില്‍ കോവിഡിന്റെ പുതിയ ഡെല്‍റ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായതോടെ സംസ്ഥാനം അതിജാഗ്രതയില്‍. നിലവിലുള്ള രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കോവിഡ് ഡെല്‍റ്റ വൈറസിന്റെ എ.വൈ 4.2 എന്ന പുതിയ വകഭേദമാണ് ഏഴു പേരില്‍ സ്ഥിരീകരിച്ചത്. യു.കെയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ കോവിഡ് വ്യാപനത്തിനിടയാക്കിയ വൈറസ് വകഭേദമാണിത്. മൂന്നാം തരംഗമുണ്ടാകാതിരിക്കുന്നതിനായി നിരീക്ഷണവും പരിശോധനയും തുടരുന്നതിനിടെയാണ് പുതിയ ഭീഷണി.
ആളുകള്‍ കൂട്ടംകൂടിയുള്ള പരിപാടികളിലൂടെ കൂടുതല്‍ പേരില്‍ വ്യാപനമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ ദീപാവലി ആഘോഷത്തിന് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ദീപാവലിക്കായി പ്രത്യേക മാര്‍ഗനിര്‍ദേശവും പുറത്തിറക്കും. നേരത്തേ എ.വൈ 4.2 വകഭേദം രണ്ടു പേരിലാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് നാലു പേര്‍ക്കുകൂടി ഇത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.