ചിക്കാഗോ: ചിക്കാഗോ എയര്‍പോര്‍ട്ട് വീടാക്കിയ ഇന്ത്യക്കാരനെ കോടതി വെറുതെവിട്ടു. വിമാനത്താവളം 3 മാസം ‘വീടാക്കി’യതിനു ജനുവരിയില്‍ പിടിയിലായ ആദിത്യയെ വെറുതെവിടാന്‍ കഴിഞ്ഞ ദിവസം കോടതി വിധിയായി.
വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ മാത്രം കഴിഞ്ഞും ആരെങ്കിലും കൊടുക്കുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കിയും അച്ചടക്കത്തോടെ കഴിഞ്ഞ ആദിത്യ (37)കുഴപ്പക്കാരല്ലെന്നാണ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചത്.
6 വര്‍ഷം മുന്‍പാണ് ആദിത്യ യുഎസിലെത്തിയത്. പരിചയമുള്ള ഒരാളുടെ പ്രായമായ മാതാപിതാക്കളെ നോക്കുന്ന ജോലിയുമായി കഴിഞ്ഞു. വീസ കാലാവധി തീരാറായപ്പോള്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ഷിക്കാഗോയിലെ വിമാനത്താവളത്തിലെത്തി. എന്നാല്‍, കോവിഡ് പേടിച്ച് ഇനി യാത്ര വേണ്ടെന്നു വച്ചെന്നാണ് ആദിത്യ പറഞ്ഞത്.
ആദിത്യയോട് ആരെങ്കിലും ചോദിച്ചാല്‍ യാത്രക്കാരനാണെന്നു പറയും; അല്ലെങ്കില്‍ വിമാനക്കമ്പനി ജീവനക്കാരനാണെന്നു പറയും. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനക്കമ്പനിയിലെ ജീവനക്കാരോടും ഇങ്ങനെ പറഞ്ഞുപോയില്ലായിരുന്നെങ്കില്‍ ആദിത്യ സിങ്ങിനെ ഇപ്പോഴും ഷിക്കാഗോയിലെ ഒഹേര്‍ വിമാനത്താവളത്തില്‍ത്തന്നെ കണ്ടേനെ. സഹപ്രവര്‍ത്തകന്റെ മോഷണം പോയ ബാഡ്ജ് ധരിച്ച ഇന്ത്യക്കാരനെ പൊലീസിലേല്‍പ്പിച്ചത് അവരാണ്.
ടോം ഹാങ്ക്‌സ് അഭിനയിച്ച ദ് ടെര്‍മിനല്‍ സിനിമയിലേതു പോലെയുള്ള ആദിത്യയുടെ ഒളിത്താമസം യുഎസില്‍ വലിയ വാര്‍ത്തയായിരുന്നു.