Sunday, July 14, 2024

HomeMain Storyമാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്തവര്‍ഷം

മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്തവര്‍ഷം

spot_img
spot_img

വത്തിക്കാന്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഊഷ്മളമായ കൂടിക്കാഴ്ച. ചര്‍ച്ചയ്‌ക്കൊടുവില്‍ മാര്‍പാപ്പയെ ആലിംഗനം ചെയ്ത പ്രധാനമന്ത്രി, അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചു; സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുന്നതായി മാര്‍പാപ്പ വ്യക്തമാക്കി. അടുത്തവര്‍ഷം സന്ദര്‍ശനം സാധ്യമാകുന്ന രീതിയില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എത്രയും അടുത്ത സമയത്ത് ഇന്ത്യ സന്ദര്‍ശിക്കാനാണു ക്ഷണിച്ചിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വത്തിക്കാന്‍ സമയം ഇന്നലെ രാവിലെ 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂറാണു നിശ്ചയിച്ചിരുന്നതെങ്കിലും 9.25 വരെ നീണ്ടു. കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ഇന്ത്യയുടെ നടപടികളും 100 കോടി ഡോസ് തികച്ചു മുന്നേറുന്ന കോവിഡ് വാക്‌സിനേഷന്‍ യജ്ഞവും മോദി

വിശദീകരിച്ചു. കോവിഡ്കാലത്ത് മറ്റു രാജ്യങ്ങള്‍ക്കു നല്‍കിയ സഹായങ്ങളുടെ പേരില്‍ ഇന്ത്യയെ മാര്‍പാപ്പ അഭിനന്ദിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നു വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ സമയം രാവിലെ 8.15നാണ് അപ്പസ്‌തോലിക കൊട്ടാരത്തിലേക്കു മോദിയെത്തിയത്. മന്ദിരത്തിന്റെ രണ്ടാം നിലയിലെ ‘സാല ദെല്‍ ത്രൊനെത്തോ’യിലായിരുന്നു (ചെറിയ സിംഹാസനത്തിന്റെ മുറി) ചര്‍ച്ച. ലോക നേതാക്കളുമായി മാര്‍പാപ്പ സ്വകാര്യസംഭാഷണം നടത്തുന്ന ഇവിടെയാണ് പേപ്പല്‍ ലൈബ്രറിയും. ഇരുവരും സമ്മാനങ്ങള്‍ കൈമാറി.

മാര്‍പാപ്പയുമായി സംഭാഷണത്തിനുശേഷം, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ചുമതലയുള്ള സെക്രട്ടറി ആര്‍ച്ച്ബിഷപ് പോള്‍ റിച്ചഡ് ഗല്ലാഘെര്‍ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല, വത്തിക്കാനിലെയും ഓസ്ട്രിയയിലെയും ഇന്ത്യന്‍ സ്ഥാനപതി ജെയ്ദീപ് മജുംദാര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments