Monday, November 28, 2022

HomeMain Storyദിവ്യ പ്രകാശം വിതറുന്ന ദീപാവലി മഹോല്‍സവം

ദിവ്യ പ്രകാശം വിതറുന്ന ദീപാവലി മഹോല്‍സവം

spot_img
spot_img

അനില്‍ സിന്ദൂരം

ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഏവരും. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലി ഒക്‌ടോബര്‍ 24-ാം തീയതി തിങ്കളാഴ്ചയാണ്. ദൃക് പഞ്ചാംഗ പ്രകാരം ലക്ഷ്മി പൂജാ മുഹൂര്‍ത്തം വൈകുന്നേരം 06:53 ന് ആരംഭിച്ച് 08:16 ന് അവസാനിക്കും.

പ്രദോഷകാലം വൈകുന്നേരം 05:43 മുതല്‍ 08:16 വരെ ആണ് നീണ്ടുനില്‍ക്കുന്നത്. അമാവാസി ഒക്ടോബര്‍ 24-ന് വൈകുന്നേരം 05:27 മുതല്‍ ഒക്ടോബര്‍ 25-ന് വൈകുന്നേരം 04:18 വരെ നീണ്ടു നില്‍ക്കും. പണ്ട് മലയാളികള്‍ അത്രകണ്ട് ദീപാവലി ആഘോഷിക്കില്ലെങ്കിലും ഇന്ന് കേരളത്തില്‍ അടക്കം വലിയ ആഘോഷമാണ് ദീപാവലി ദിനത്തില്‍. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ശ്രീരാമന്‍ 14-വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ്. എന്നാല്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി.

ദീപം (വിളക്ക്), ആവലി (കൂട്ടം) എന്നീപ്പദങ്ങള്‍ ചേര്‍ന്നാണ്, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ് ദീവാളി എന്നായിത്തീര്‍ന്നത്. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലില്‍ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നു.

ദീപാവലി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനവിഭാഗം കൊണ്ടാടുന്ന മഹോത്സവമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ദീപങ്ങളുടെ ആവലിയാണ്, അതായത് ദീപങ്ങളുടെ നിരയാണ് ദീപാവലി. തുലാമാസത്തിലെ ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹ്യപരമായും ആത്മീയസംബന്ധമായും പല കഥകള്‍ പ്രചാരത്തിലുണ്ട്. നരകാസുരനെ ഭഗവാന്‍ മഹാവിഷ്ണു നിഗ്രഹിച്ചുവെന്നുള്ളതാണ്. പത്‌നി ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിലാണ് ഭഗവാന്‍ ഈ കൃത്യം നിര്‍വഹിച്ചതത്രേ. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ധിയായിരുന്നു. അതോടെ ആ ദിനം നരകചതുര്‍ദ്ധിയെന്നും അറിയപ്പെട്ടു.

ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന അസുരനായിരുന്നു നരകാസുരന്‍. പണ്ട് ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ സ്വന്തം ശരീര ബലത്താല്‍ അഹങ്കരിച്ച് ഭൂമിയിലുള്ളവരേയും ദേവലോകത്തുള്ളവരേയും ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ച് സ്വന്തം ഗദാ പ്രയോഗത്താല്‍ അവന്‍ സമുദ്രമാകെ ഇളക്കി മറിച്ചു. ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവന്‍ മഹാവിഷ്ണുവിന്റെ മുന്‍പില്‍ ചെന്ന് സങ്കടം പറഞ്ഞു.

അധര്‍മ്മം മനസ്സിലാക്കിയ ഭഗവാന്‍ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷന്‍ പെട്ടെന്ന് തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു കടന്നത്. ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി പ്രസവിക്കുകയും ചെയ്തു. അതിലുണ്ടായ പുത്രനാണ് നരകാസുരന്‍

ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാന്‍ അവന് നരകന്‍ എന്നു പേരിട്ടു. തുടര്‍ന്ന് ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്‌നി സമേതനായ മഹാവിഷ്ണുവിനാല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്ന വരവും കൊടുത്തു.

വരം ലഭിച്ചതിനാല്‍ മഹാ അഹങ്കാരിയായ നരകാസുരന്‍ ദേവന്‍മാര്‍ക്കും ഒരു തലവേദനയായി തീര്‍ന്നു. സ്ത്രീകളെ അതിക്രമിക്കുകയും ദേവന്‍മാരെ ഉപദ്രവിക്കലും ഒരു വിനോദമാക്കി മാറ്റി. ഒരു ദിവസം ഇന്ദ്രലോകത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു.

ഇതെ തുടര്‍ന്ന് ഇന്ദ്രന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാന്‍ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായി പ്രാഗ്‌ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാന്‍ നരകാസുരനെ വധിച്ചത്. നരകാസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്.

രാവണ നിഗ്രഹവുമായി ദീപാവലിക്ക് ബന്ധമുണ്ടെന്നും ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ രാവണ നിഗ്രഹം കഴിഞ്ഞ് ഭഗവാന്‍ ശ്രീരാമനും പത്‌നി സീതാ ദേവിയും അയോധ്യയിലേയ്ക്ക് മടങ്ങിയ ദിവസമാണ് ഇതെന്നും മറ്റൊരു ഐതീഹ്യമുണ്ട്. ശ്രീരാമന്റേയും സീതാ ദേവിയുടേയും മടങ്ങി വരവിനെ ജനങ്ങള്‍ ദീപങ്ങള്‍ കൊളുത്തിയാണ് സ്വീകരിച്ചതെന്നും ഐതീഹ്യങ്ങള്‍ പറയുന്നുണ്ട്.

ദീപാവലി ആഘോഷം ഹിന്ദു ജൈന-സിഖ് മതാവലംബികളായവരുടെ പുണ്യദിനമാണ് ചിലയിടങ്ങളിലെങ്കില്‍ അഞ്ച് ദിവസം വരെ ചില (ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍) ആഘോഷിക്കുന്നവരുമുണ്ട്. ധനത്രയോദശി (ധന്‍തേരസ്) നരകചതുര്‍ദശി, അമാവാസി, ബലിപ്രതിപദം, ഭ്രാതൃദ്വിതീയ എന്നിങ്ങനെയാണ് അഞ്ചുദിവസങ്ങളുടെ പ്രത്യേകത.

ജ്ഞാനദീപം പ്രദീപ്തമാക്കുന്ന ഉത്സവദിവസമായ ദീപാവലി നാളില്‍ പ്രകാശമില്ലാത്ത ഒരിടവും ഉണ്ടാകരുതെന്നാണ് വിശ്വാസം. ഐശ്വര്യദേവതയായ മഹാലക്ഷ്മി എല്ലാ വീടുകളിലും സന്ദര്‍ശിക്കുമെന്നും നിറമനസോടെ സ്വീകരിക്കുന്ന ഭവനങ്ങളില്‍ ഭവാനി ആ വര്‍ഷം മുഴുവന്‍ അധിവസിച്ച് സമ്പത്തും ഐശ്വര്യവും നല്‍കുന്നുവെന്നാണ് ഐതിഹ്യം. ഭവാനിയാണല്ലോ ഭവനങ്ങളുടെ ഐശ്വര്യം നിലനിര്‍ത്തുന്നത്.

വ്യാപാരികള്‍ കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി കടകള്‍ അലങ്കരിച്ച് ദീപപ്രഭയാല്‍ രാത്രിയും തുറന്നുവയ്ക്കാറുള്ളത് ഇതുകൊണ്ടാണ്. സംസ് കാരത്തിന്റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മം. ദീപാവലി ആഘോഷത്തിലൂടെയും ആ ധര്‍മം നിറവേറ്റപ്പെടുന്നു.

‘ഹാപ്പി ദീപാവലി…”

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments