തിരുവനന്തപുരം; സംസ്ഥാനത്തെ സര്‍വകലാശാലാ വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമവും നീതിയും നിഷ്കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയുമാണ്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. സംഘ്പരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുന്നുവെന്ന് അദേഹം പറഞ്ഞു. ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ്. സുപ്രീംകോടതി വിധിയില്‍ അസ്വഭാവിക തിടുക്കമാണ് ഗവര്‍ണര്‍ കാണിച്ചത്.
ജനാധിപത്യത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുകയാണ് ഗവര്‍ണര്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും അക്കാദമികമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും അവകാശങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. ഈ രീതിയിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചു കൊടുക്കാനാകില്ല. ഗവര്‍ണര്‍ പദവിയെന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ഭരണഘടന, നിയമം, കീഴ്വഴക്കങ്ങള് എന്നിവക്കെല്ലാം വിരുദ്ധമായ നടപടികളുണ്ടായാല്‍ ശക്തമായ പ്രതികരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തെ മാനിക്കുന്ന ആരും അമിതാധികാരത്തെ അംഗീകരിച്ചു കൊടുക്കില്ല. നേരത്തെ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു. സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാകരുത്.
പല സംസ്ഥാനങ്ങളിലും സെര്‍ച്ച് കമ്മിറ്റി വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകും. കര്‍ണാടകയില്‍ നാലംഗ സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നത് സര്‍ക്കാറാണ്. കോടതി വിധി ഗവര്‍ണര്‍ അനുചിതമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയില്‍ പോലും കൈകടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.സാങ്കേതിക സര്‍വകലാശാലാ വിഷയത്തിലാണ് കോടതി വിധി. അതുകൊണ്ടു തന്നെ വിധി ബാധകമാവുക സാങ്കേതിക സര്‍വകലാശാലാ വി സിക്കാണ്. എല്ലാ വി സിമാരും രാജിവെക്കണമെന്നത് നിയമപരമായി നിലനില്‍ക്കില്ല.
നിയമലംഘനങ്ങളുടെ പ്രാഥമിക ഉത്തരവാദി ഗവര്‍ണറാണ്. ഒമ്പത് സര്‍വകലാശാലകളിലും നിയമനാധികാരി ഗവര്‍ണറാണ്. അപ്പോള്‍ പദവിയൊഴിയേണ്ടത് വി സിമാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വി സിമാരെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാം എന്ന് കരുതരുത്.
സഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നതിനെയും മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു