Friday, March 29, 2024

HomeMain Storyഋഷി സുനകും ബംഗളൂരുവിലെ വിദ്യാര്‍ത്ഥി ഭവന്‍ മസാല ദോശയും

ഋഷി സുനകും ബംഗളൂരുവിലെ വിദ്യാര്‍ത്ഥി ഭവന്‍ മസാല ദോശയും

spot_img
spot_img

ബംഗളൂരു: ബംഗളൂരുവിലെത്തുന്നവര്‍ നഗരത്തിലെ പ്രശസ്തമായ ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റായ വിദ്യാര്‍ത്ഥി ഭവനില്‍ പോയി ഭക്ഷണം കഴിക്കണമെന്ന് പലരും പറയുന്നൊരു കാര്യമാണ്. യു.കെയിലെ ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ഋഷി സുനകും ആ ഭക്ഷണം ഇഷ്ടപ്പെടുന്നവരില്‍ ഒരാളാണ്. 2019 ല്‍ സുനക് തങ്ങളുടെ റെസ്റ്റോറന്റില്‍ എത്തിയപ്പോളുള്ള ഒരു ഫോട്ടോ വിദ്യാര്‍ത്ഥി ഭവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് സുനക് വിവാഹം കഴിച്ചത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് അക്ഷത സുനകിന്റെ ഹൃദയം കവര്‍ന്നത്. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥി ഭവനും അവിടുത്തെ ഭക്ഷണവും സുനകിന്റെ ഹൃദയത്തില്‍ പ്രത്യേക ഇടം നേടി.

വിദ്യാര്‍ത്ഥി ഭവനിലെ പ്രശസ്തമായ മസാല ദോശ, റവ വട, മധുര പലഹാരമായ കേസരി ഭട്ട് എന്നിവയെല്ലാം സുനക് കഴിച്ചിരുന്നു. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഋഷി സുനക് അന്ന് ബംഗളൂരുവില്‍ എത്തിയത്. ഋഷി സുനകിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അക്ഷതയും രണ്ട് കുട്ടികളും അക്ഷതയുടെ മാതാപിതാക്കളും ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥി ഭവനിലെ മാനേജിംഗ് പാര്‍ട്ണറായ അരുണ്‍ അഡിഗ ഓര്‍ക്കുന്നു.

”ഋഷി സുനക് ഞങ്ങളുടെ റെസ്റ്റോറന്റില്‍ ഒരിക്കല്‍ മാത്രമാണ് വന്നത്. നാരായണ മൂര്‍ത്തി സാര്‍ സുനകിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദ്ധനാണെന്നും യുകെ പാര്‍ലമെന്റുമായി ബന്ധമുള്ളയാളാണെന്നും മാത്രമേ ഞങ്ങള്‍ അറിഞ്ഞിരുന്നുള്ളൂ. ഇവിടെയെത്തുന്നവരുടെ സ്വകാര്യത ഞങ്ങള്‍ മാനിക്കുന്നു. ഭക്ഷണം കഴിച്ച ശേഷം ഒരു ഫോട്ടോ മാത്രം ഞങ്ങള്‍ എടുത്തു. സുനകിന്റെ പ്ലേറ്റ് കാലിയായിരിക്കുന്നത് ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണാം. ഞങ്ങളുടെ ഭക്ഷണം അദ്ദേഹം ഇഷ്ടപ്പെട്ടു എന്നതിന്റെ സൂചനയാണത്…” അരുണ്‍ പറഞ്ഞു.

രണ്ടു മാസം മുന്‍പ് ബംഗളൂരു സന്ദര്‍ശിക്കാനെത്തിയ സുനകിന്റെ മാതാപിതാക്കളും വിദ്യാര്‍ത്ഥി ഭവനില്‍ എത്തിയതായും അതേ വിഭവങ്ങള്‍ കഴിച്ചതായും അരുണ്‍ കൂട്ടിച്ചേര്‍ത്തു. അക്ഷതയെ വിവാഹം കഴിച്ചതോടെയാണ് സുനകിന്റെ ബെംഗളൂരു ബന്ധം ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 30-ന് ബെംഗളൂരുവില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. എഴുത്തുകാരിയും, അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയാണ് അക്ഷതയുടെ അമ്മ. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് അക്ഷത ജനിച്ചതും വളര്‍ന്നതും.

ബംഗളൂരുവിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം, അക്ഷത കാലിഫോര്‍ണിയയിലേക്ക് പോകുകയും ക്ലെരെമോണ്ട് മക്കെന്ന കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഫ്രഞ്ചിലും ബിരുദം നേടുകയും ചെയ്തു. പിന്നീട് ലോസ് ഏഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമ നേടി. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡില്‍ എം.ബി.എ പഠിക്കാന്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് ഋഷി സുനകിനെ കണ്ടുമുട്ടിയത്. ഇരുവര്‍ക്കും കൃഷ്ണ, അനൗക എന്നീ രണ്ട് പെണ്‍കുട്ടികളുണ്ട്

പ്രചാരണ വേളയില്‍ നാരായണ മൂര്‍ത്തിയെക്കുറിച്ച് പലപ്പോഴും സുനക് സംസാരിച്ചിട്ടുണ്ട്. ”എന്റെ ഭാര്യയുടെ അച്ഛന്‍ ഒന്നുമില്ലായ്മയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. അദ്ദേഹത്തിന് ഒരു സ്വപ്നം ഉണ്ടായിരുന്നു…” എന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സുനക് പറഞ്ഞിരുന്നു.

രാഷ്ട്രീയത്തിലും പൊതുരംഗത്തും പ്രവര്‍ത്തിക്കാന്‍ തനിക്ക് വലിയ പിന്തുണ നല്‍കിയവരില്‍ ഒരാളാണ് നാരായണമൂര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും ആദരണീയമായ, ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണ് നാരായണമൂര്‍ത്തി സ്ഥാപിച്ചതെന്നും സുനക് ചൂണ്ടിക്കാട്ടിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments