റാഫാ: ദുരന്ത ഭൂമിയിലെ പലസ്തീനികള്‍ക്ക് മാനുഷിക സഹായമെത്തിക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ- ഈജിപ്ത് അതിര്‍ത്തിയായ റഫായിലൂടെ കര്‍ശന പരിശോധനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സഹായങ്ങള്‍ അനുവദിക്കുക. ഈജിപ്തില്‍ നിന്നെത്തിക്കുന്ന ഭക്ഷണം, ജലം തുടങ്ങിയവ ഹമാസ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈജിപ്ത് അതിര്‍ത്തി വഴിയുള്ള സഹായങ്ങള്‍ക്ക് പുറമെ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം എത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ മാനുഷിക സഹായങ്ങള്‍ വഴിതിരിച്ച് ഹമാസിലേക്ക് എത്തിക്കുകയാണെങ്കില്‍ തീരുമാനം പിന്‍വലിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
റഫായിലും ഖാന്‍ യൂനുസിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതുകാരണമാണ് ഈജിപ്ത് അതിര്‍ത്തി തുറന്ന് ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനും ഈജിപ്ത് വ്യക്തമാക്കിയിരുന്നു.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ബുധനാഴ്ചയെത്തിയ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രയേലിന്റെ ഓരോ നടപടികളെയും ഏറ്റവും കൂടുതല്‍ പിന്തുണച്ച രാജ്യമാണ് അമേരിക്ക.